താഴിട്ടുപൂട്ടിയില്ല, ഒന്നേകാൽ നൂറ്റാണ്ടിന്റെ ഓഫീസ് ചരിത്രം

കാസർകോട്‌ താലൂക്ക്‌ ഓഫീസ്‌ കെട്ടിടം. നിർമിച്ച വർഷം 1900 എന്ന്‌ രേഖപ്പെടുത്തിയതും കാണാം

കാസർകോട്‌ താലൂക്ക്‌ ഓഫീസ്‌ കെട്ടിടം. നിർമിച്ച വർഷം 1900 എന്ന്‌ രേഖപ്പെടുത്തിയതും കാണാം

avatar
കെ വി രഞ്‌ജിത്‌

Published on Apr 16, 2025, 03:00 AM | 2 min read

കാസർകോട്‌

നൂറ്റാണ്ടുകളുടെ കൈയൊപ്പുപതിഞ്ഞ ചരിത്രപുസ്തകമാണ് കാസർകോട്‌ താലൂക്കോഫീസ്‌ കെട്ടിടം. ഈ ചുവരുകളിൽ ബ്രിട്ടീഷ്‌ ഭരണത്തിന്റെ, സ്വാതന്ത്ര്യസമരത്തിന്റെ, കർഷക പ്രതിരോധത്തിന്റെ അടയാളമുണ്ട്‌. കാലത്തിന്റെ നേർസാക്ഷിയായി തലയുയർത്തിനിൽക്കുന്ന ഓഫീസിന്റെ കെട്ടിട നിർമാണം പൂർത്തിയായത്‌ 1900ത്തിൽ. ബ്രിട്ടീഷ്‌ –- കാസർകോടൻ ശൈലിയിലുള്ള കെട്ടിടത്തിൽ നിർമിച്ച വർഷം 1900 എന്നത്‌ വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്‌. 2025ൽ 125 വർഷത്തെ പഴക്കം. തൂണിലും തുരുമ്പിലും താഴിട്ടുപൂട്ടാനാകാത്ത ഒരായിരം ഓർമകളുള്ള ഓഫീസ്‌. നിരവധി സമരങ്ങൾക്കും ഭരണനിർവഹണ കാര്യങ്ങൾക്കും മുഹമ്മദ്‌ അബ്ദുറഹ്മാനും, ഇ എം എസും എ കെ ജിയും മുതൽ കെ കരുണാകരൻ വരെയെത്തിയ ഓഫീസ്‌. താലൂക്ക് കോടതിയും ജയിലും ഇവിടെതന്നെയായിരുന്നു. ഓഫീസിന്റെ നടുത്തളത്തിനിപ്പുറത്ത്‌ സബ്‌ ജയിൽ ഇന്നും പ്രവർത്തിക്കുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്തിന്റെ തുടക്കത്തിൽ ബോംബെ പ്രസിഡൻസിയുടെ കീഴിലായിരുന്ന സൗത്ത്‌ കാനറാ ജില്ല 1862 ഏപ്രിൽ 16-ന് മദ്രാസ് പ്രസിഡൻസിയിലേക്ക് മാറി. ഇതോടെ ബേക്കൽ താലൂക്കിനുപകരം കാസർകോട്‌ താലൂക്ക് രൂപീകരിച്ചു. ആസ്ഥാനം ബേക്കലിൽ നിന്ന്‌ കാസർകോട്ടേക്ക്‌ മാറ്റി. 1895ലാണ്‌ കെട്ടിട നിർമാണം തുടങ്ങിയത്‌. അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയായി. ബ്രിട്ടീഷ്‌ –- കാസർകോടൻ ശൈലികൾ ഉൾച്ചേർത്താണ്‌ നിർമാണം. കാഞ്ഞങ്ങാടിന്‌ വടക്കോട്ട് പഴയകാലത്ത്‌ തേക്കാറുള്ള ചുവപ്പ്‌ മഞ്ഞ ചായവുമാണ്‌ ചുവരുകൾക്ക്‌. വളപട്ടണത്തുനിന്നും നീലേശ്വരത്തുനിന്നും തറയോടുകളെത്തിച്ചു.


പ്രമാണിമാരുടെ 
‘മർദനോപകരണം’

പ്രധാനമായും നികുതിപരിവുകൾക്ക്‌ നേതൃത്വം നൽകുകയായിരുന്നു തഹസിൽദാർമാരുടെ ചുമതല. ഒപ്പം ട്രഷറി ഭരണവും. മലബാർ ജില്ലയിൽ ഗ്രാമതലത്തിലെ റവന്യുഭരണം അംശം അധികാരി, മേനോൻ, കോൽക്കാരൻ എന്നിവരുടേതായിരുന്നെങ്കിൽ. സൗത്ത്‌ കാനറയിൽപ്പെട്ട കാസർകോട്‌ താലൂക്കിൽ ഇന്നത്തെ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റ്‌, വില്ലേജ്മാൻ പദവികൾക്കുപകരം പട്ടേലർ, ചേനപ്പർ, ഉഗ്രാണി എന്നിവയായിരുന്നു. പഴയ ഭൂവാധാരങ്ങൾ കന്നഡ ഭാഷയിൽ. മംഗലാപുരം താലൂക്കിന് ശേഷം സൗത്ത് കാനറയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ താലൂക്കായിരുന്നു കാസർകോട്‌. രണ്ടാമത്തെ വലിയ താലൂക്കും. സാമ്രാജ്യത്വദാസ്യത്തിന്റെയും ജന്മി–- ഭൂപ്രഭു വിധേയത്വത്തിന്റെയും പിടിയിലായിരുന്നവരായിരുന്നു ഓഫീസിന്റെ ഭരണ നിർവഹണം നടത്തിയവിൽ പലരും. ഇതിനാൽ നിയമവിരുദ്ധമായ നിരവധി നികുതി പിരിവുകൾക്കും ഉത്തരവിട്ടത്‌ ഇവിടെനിന്ന്‌. തഹസിൽദാർമാർക്കുകീഴിൽ വില്ലേജ്‌ അധികാര കേന്ദ്രങ്ങളായിരുന്ന പട്ടേലർമാരുടെ വാശി, നുരി, ശീലക്കാശ്‌, വെച്ചുകാണൽ, പൊലി തുടങ്ങിയ അക്രമ പിരിവുകൾ തുടങ്ങിയതോടെയാണ്‌ കർഷകർ സംഘടിക്കാനും താലൂക്ക്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്യാനുമെത്തിയത്‌. 1910 മുതൽ1935 വരെ താലൂക്കോഫീസിൽ പ്രവർത്തിച്ച മുൻസിഫ്‌ കോടതിയിൽ മാത്രം പാട്ടം, കടം എന്നിവയ്‌ക്കുവേണ്ടി കർഷകർക്കെതിരെ രജിസ്‌റ്റർ ചെയ്‌തത്‌ 7,180 കേസുകൾ. കേസുകളാൽ പൊറുതിമുട്ടിയവർ സംഘടിച്ചെത്തിയപ്പോൾ ഓഫീസ്‌ മുറ്റത്ത്‌ ബ്രിട്ടീഷ്‌ പൊലീസിന്റെ അടിയേറ്റുവീണത്‌ നിരവധി കർഷ–- കമ്യൂണിസ്‌റ്റ്‌ നേതാക്കൾ. ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത്‌ കോടതി ബഹിഷ്‌കരിക്കാൻ ആഹ്വാനം വന്നപ്പോഴും ആയിരങ്ങൾ അണിനിരന്ന പ്രക്ഷോഭവും താലൂക്ക്‌ ഓഫീസ്‌ മുറ്റത്തുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Home