കയ്യൂരിൽ ഉടനെത്തും അഗ്നിരക്ഷാ സേന യൂണിറ്റ്

പി വിജിൻദാസ്
Published on Jan 07, 2026, 03:00 AM | 1 min read
ചീമേനി വേനലായാൽ മലയോര മേഖല കൂടി ഉൾപ്പെടുന്ന കയ്യൂർ ചീമേനി പഞ്ചായത്തിന്റെ റബർ തോട്ടങ്ങളിലും ഒഴിഞ്ഞ കുന്നിൻ താഴ്‌വരകളിലും പടർന്നുപിടിക്കുന്ന തീയണക്കാൻ കയ്യൂരിൽനിന്നും അഗ്നിരക്ഷാ സേനയെത്താൻ ഇനി അധികനാളില്ല. ആളിക്കത്തുന്ന തീയണക്കാൻ തൃക്കരിപ്പൂരിൽനിന്നോ പെരിങ്ങോത്തുനിന്നോ അഗ്നിരക്ഷാ സേന എത്തുന്നതിന് പരിഹാരമാകുന്നു. കയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ പഴയ ഓഫീസ് കെട്ടിടം എം രാജഗോപാലൻ എംഎൽഎയുടെ നിർദേശാനുസരണം വിട്ടുനൽകാൻ ബാങ്ക് ഭരണസമിതി മുന്നോട്ടുവന്നതോടെയാണ് നാടിന്റെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നത്. ചീമേനിയിൽ അഗ്നിരക്ഷാ സേന യൂണിറ്റ് തുടങ്ങാൻ എം രാജഗോപാലൻ എംഎൽഎയുടെ പദ്ധതി നിർദേശത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുമതി നൽകിയതാണ്. ഇതിനായി 2024– -25 വർഷത്തെ സംസ്ഥാന ബജറ്റിൽ മൂന്നുകോടി രൂപയും അനുവദിച്ചു. ഇതിനാവശ്യമായ വിശദമായ റിപ്പോർട് (ഡിപിആർ) തയ്യാറാക്കി സർക്കാരിന് നൽകിയതുമാണ്. അഗ്നിരക്ഷാ സേനയ്ക്ക് ചീമേനിയിൽ അനുവദിച്ച സ്ഥലത്ത് ബജറ്റ് തുക വിനിയോഗിച്ച് കെട്ടിടവും അനുബന്ധ സൗകര്യവും ഒരുക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേന തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ പ്രവൃത്തി പൂർത്തിയാക്കുന്നതിന് സമയമെടുക്കുമെന്നതിനാലാണ് പ്രവർത്തനം താൽക്കാലികമായി തുടങ്ങാൻ കയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ പഴയ ഓഫീസ് കെട്ടിടം വിട്ടുനൽകുന്നത്. കയ്യൂരിൽ താൽകാലികമായി ഫയർ സ്‌റ്റേഷൻ ആരംഭിക്കാനുള്ള തസ്തികകള്‍ അനുവദിക്കുന്നതിന് അഗ്നിരക്ഷാ സേന വിഭാഗം നൽകിയിട്ടുള്ള അപേക്ഷ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. ഇതിന് അംഗീകാരം ലഭിക്കുന്നതോടെ അഗ്നിരക്ഷാ യൂണിറ്റ് കയ്യൂരിൽ താൽക്കാലികമായി ആരംഭിക്കാനാകും. ജില്ലയിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉപ്പള, കുറ്റിക്കോൽ, കാസർകോട് എന്നിവിടങ്ങളിലാണ് അഗ്നിരക്ഷാ സേനാ യൂണിറ്റുകളുള്ളത്. ദ്രുതഗതിയിൽ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എംഎൽഎ ഇടപെട്ട് കയ്യൂർ ചീമേനി പഞ്ചായത്തിലും യൂണിറ്റ് തുടങ്ങാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്.










0 comments