അഡൂർ സ്‌കൂളിന്റെ കളിമൺ വിസ്‌മയം ആറാംക്ലാസ് പാഠപുസ്തകത്തിന്റെ മുഖചിത്രം

ആറാം ക്ലാസ് പാഠപുസ്തകത്തിന്റെ കവർ പേജിൽ അഡൂർ ജിഎച്ച്എസ്എസ് വിദ്യാർഥികൾ ഒരുക്കിയ കളിമൺ ടൈൽ
രജിത് കാടകം
Published on Jun 12, 2025, 02:00 AM | 1 min read
മുള്ളേരിയ
അഡൂർ ജിഎച്ച്എസ്എസിന്റെ പ്രവേശന കവാടത്തിലെ ഭിത്തിയിൽ കുട്ടികൾ ഒരുക്കിയ കളിമൺ വിസ്‌മയം ആറാം ക്ലാസ് കലാ വിദ്യാഭ്യാസം പാഠപുസ്തകത്തിന്റെ പുറംചട്ടയിൽ ഇടം പിടിച്ചു. വിദ്യാർഥികളുടെ സർഗാത്മകതയ്‌ക്കുള്ള അംഗീകാരമായാണ് അവർ രൂപകല്പന ചെയ്ത കളിമൺ ടൈലുകളുടെ ചിത്രം പാഠപുസ്തക മുഖചിത്രമാകുന്നത്. 2024 ഒക്ടോബറിൽ ചിത്രകാരന്മാരുടെ കൂട്ടായ ട്രസ്പാസേഴ്‌സുമായി സഹകരിച്ച് സ്‌കൂളിൽ സംഘടിപ്പിച്ച 'പട്ടാംഗ' ക്യാമ്പിലാണ് കലാസൃഷ്ടി ഒരുക്കിയത്. വിദ്യാർഥികൾ 400-ലധികം ഷഡ്ഭുജ ആകൃതിയിലുള്ള കളിമൺ ടൈലുകൾ നിർമിച്ചു. പിന്നീട് ഇവ സ്‌കൂളിന്റെ പ്രവേശന കവാടത്തോട് ചേർന്ന മതിലിൽ സ്ഥാപിച്ചു. 300 കുട്ടികളുടെ ശ്രമകരമായ ദൗത്യമാണ് ഈ കലാവിസ്‌മയം. സംസ്ഥാനത്ത് വിദ്യാർഥികൾ നിർമിച്ച ഏറ്റവും വലിയ കളിമൺ ടൈൽ മതിൽകൂടിയാണിത്. കലയിലും കരകൗശലത്തിലും കുട്ടികളുടെ പങ്കാളിത്തം പ്രകടമാക്കിയതിനാലാണ് ചിത്രം തെരെഞ്ഞെടുത്തതെന്നും കുട്ടികളെ കലയിൽ കൂടുതൽ ഇടപെടൽ നടത്താൻ ഇത് പ്രേരിപ്പിക്കുമെന്നും മുഖചിത്രം തെരെഞ്ഞെടുത്തതിനെക്കുറിച്ച് എസ് സിഇആർടി അധികൃതർ പറഞ്ഞു. അഡൂരിലെ കുഞ്ഞുകലാകാരന്മാർക്കും പിന്തുണ നൽകിയ സ്‌കൂളിനും നാടിനുമുള്ള അംഗീകാരമാണിതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന കെ വിഷ്ണുപ്രിയൻ പറഞ്ഞു.








0 comments