ad
Deshabhimani

കാസർകോട്–കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ്

നവീകരണം എങ്ങുമെത്തിയില്ല; യാത്ര ദുരിതം

പള്ളിക്കര റെയിൽവേ മേൽപ്പാലം പൊട്ടിപ്പൊളിഞ്ഞ നിലയിൽ
വെബ് ഡെസ്ക്

Published on Aug 18, 2026, 02:00 AM | 1 min read

​ഉദുമ

ധ്രുതഗതിയിൽ പ്രവൃത്തി നടന്നുവരികയായിരുന്ന കാസർകോട്–കാഞ്ഞങ്ങാട് തീരദേശ സംസ്ഥാനപാത നവീകരണം യുഡിഎഫ് സർക്കാർ വന്നതോടെ പാതിവഴിയിൽ. ഇതുവഴിയുള്ള പാലങ്ങൾ കുഴികൾ നിറഞ്ഞ് ഗതാഗതം ദുരിത പൂർണം. ചെറുവാഹനങ്ങളാണ്‌ കൂടുതൽ പ്രയാസപ്പെടുന്നത്. കുഴിയിൽ വീണും വാഹനങ്ങളുടെ അടിഭാഗം ഇടിച്ചും അപകടം പതിവാണ്. ഇതോടെ  പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാരും വിവിധ സംഘടനകളും. ബിറ്റുമിനസ് കോൺക്രീറ്റ് (ബിസി) മേൽപാളി വിരിച്ച് നവീകരിക്കൽ എന്നു പൂർത്തികരിക്കുമെന്നതിൽ ധാരണയുമില്ല. ടാറിന് വിലവർധിച്ചെന്നാണ് പൊതുമരാമത്ത് അധികൃതർ കാരണമായി പറയുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ് 38 കോടി രൂപ ചെലവിൽ 27.780 കിലോമീറ്റർ കെഎസ്ടിപി റോഡ് ബിറ്റുമിനസ് കോൺക്രീറ്റ് (ബിസി) മേൽപാളി വിരിച്ച് നവീകരിക്കാൻ ടെൻഡർചെയ്ത് പണിയാരംഭിച്ചത്. മെയ്- ജൂൺ മാസത്തോടെ പ്രവൃത്തി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. നിർമാണം ഏറ്റെടുത്ത ​ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി വളരെ വേഗത്തിൽ പ്രവൃത്തിയാരംഭിച്ചു. കൾവർട്ട്, ഇന്റർലോക്ക് ജോലികളും റോഡ് ഉയർത്തലും റോഡിന്റെ അറ്റകുറ്റപ്പണികളും ചിലയിടങ്ങളിൽ പൂർത്തിയാക്കി. ഇതിനിടെയാണ് നിയമസഭ തെരഞ്ഞെടുപ്പും പുതിയ സർക്കാരും വരുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ പ്രവൃത്തി അവതാളത്തിലായി. ഉദുമ പള്ളം, കളനാട്, ചേറ്റുകുണ്ട് തുടങ്ങി ഭാഗങ്ങളിൽ മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടംവരുത്തുന്നു. പള്ളിക്കര, കോട്ടരുവം മേൽപാലങ്ങളിലും ബേക്കൽ, ചിത്താരി പാലങ്ങളിലുമാണ് കുഴികൾ കൂടുതലായി നിറഞ്ഞിരിക്കുന്നത്. ചിലയിടങ്ങളിൽ ഓവുചാൽ പണി ആരംഭിച്ചിട്ടുണ്ടെങ്കിലും യാത്രദുരിതത്തിന് പരിഹാരമില്ല. മഴ കുറയുന്നതോടെ പ്രവൃത്തി പുനരാരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രധാന ടൗണുകൾ ഇന്റർലോക്ക്ചെയ്യൽ, 8.50 കിലോമീറ്റർ ദൂരത്തിൽ ബിറ്റുമിനസ് മെക്കാഡം അറ്റകുറ്റപ്പണികൾ, ബിറ്റുമിനസ് കോൺക്രീറ്റ് മേൽപാളി വിരിക്കൽ എന്നിവ ബാക്കിയാണ്. ​ബേക്കൽ, ചന്ദ്രഗിരി കോട്ടകൾ, പള്ളിക്കര, ബേവൂരി ബീച്ചുകൾ, പ്രമുഖ ആരാധനാലയങ്ങൾ, നക്ഷത്ര ഹോട്ടലുകൾ എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര മേഖലയിലൂടെ റോഡ് കടന്നുപോകുന്നത്. ​ പാലങ്ങളുടെ ഡെക്ക് സ്ലാബിന് മുകളിൽ 40 മില്ലീമീറ്ററിലും മറ്റു ഭാഗങ്ങളിൽ 30 മില്ലീമീറ്ററിലുമാണ് ബിറ്റുമിനസ് കോൺക്രീറ്റ് പാളി വിരിക്കാൻ തീരുമാനിച്ചത്. അതിനാൽ ​അറ്റക്കുറ്റ പണിയെങ്കിലും ഉടൻ പൂർത്തിയാക്കണമെന്നാണ് വാഹനഡ്രൈവർമാരുടെയും നാട്ടുകാരുടെയും ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home