തുറക്കുമോ സർവീസ് റോഡ്

നിർമാണം പൂർത്തിയാകാത്ത നീലേശ്വരം മാർക്കറ്റ് സർവീസ് റോഡ്
നീലേശ്വരം
മാർക്കറ്റ് ജങ്‌ഷനിലെ സർവീസ് റോഡ്, ഓവുചാൽ നിർമാണം എങ്ങുമെത്തിയില്ല. യാത്രക്കാരുടെ ദുരിതത്തിന് സമീപകാലത്തൊന്നും അറുതിവരുത്തില്ല എന്ന് വീണ്ടും വ്യക്തമാക്കുകയാണ് അധികൃതർ. പ്രവൃത്തികൾക്കായി കലക്ടർ അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിച്ചിരിക്കെയാണിത്. നിലവിൽ സർവീസ് റോഡുകൾ രാത്രി അടച്ചിട്ട് പണിയെടുക്കാൻ മൂന്ന് ദിവസംകൂടി ആവശ്യപ്പെട്ടിരിക്കുകയാണ് കരാർ കമ്പനി. സമയം നീട്ടി നൽകിയിട്ടുമുണ്ട്. നിർമാണം പൂർത്തിയാവാൻ ഇൗ ദിവസങ്ങൾ മതിയാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കലക്ടറുടെ നിർദേശപ്രകാരം 20ന് സ്‌ഥലംസന്ദർശിച്ച ആർഡിഒ കരാർ കമ്പനി അധികൃതരുടെ യോഗം വിളിച്ച് നിർമാണം പൂർത്തീകരിക്കാൻ കർശന നിർദേശം നൽകിയിരുന്നു. സമരരംഗത്തുള്ള നഗരസഭ കർമസമിതിയുമായും ജനകീയ സമരസമിതി പ്രതിനിധികളുമായും ചർച്ച നടത്തിയശേഷമാണ് സമയം നീട്ടിനൽകിയത്. മണ്ണിട്ടുയർത്തിയ മേൽപാത അടച്ചുകൊണ്ട് സമരംചെയ്യുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നഗരസഭ കർമസമിതിയുടെയും ജനകീയസമരസമിതിയും തീരുമാനിച്ചത്. സർവീസ് റോഡ് പണിതീരുന്നതുവരെ മേൽപ്പാത തുറന്നുകൊടുക്കാൻ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സമ്മതിക്കുകയായിരുന്നു. ഈ തീയതിക്കുശേഷം മേൽപാതയിലൂടെയുള്ള ഗതാഗതം തടയുമെന്നും പറഞ്ഞിരുന്നു. കലക്ടറുടെ നിർദേശത്തെതുടർന്ന് ധൃതിപിടിച്ച് നടത്തിയ നിർമാണ പ്രവൃത്തിയിൽ പല അപാകതകളും വന്നതായി ജനങ്ങളും സമരസമിതി പ്രവർത്തകരും ചൂണ്ടിക്കാട്ടി. മാർക്കറ്റിൽനിന്ന് രാജാ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള അടിപ്പാത റോഡ് ലെവലിൽനിന്ന് ഒരു മീറ്ററോളം താഴ്ന്നിട്ടാണുള്ളത്. സർവീസ് റോഡ് താഴ്ത്തിയാൽ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാക്കുമെന്നും ദീർഘകാലാടിസ്‌ഥാനത്തിലുള്ള പദ്ധതിയായതിനാൽ ഇതുവരെയുള്ള നിർമാണപ്രവൃത്തികൾ ശാസ്ത്രീയമായി വിലയിരുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സർവീസ്റോഡ് പണി പൂർത്തിയാക്കാൻ രാജ റോഡ് തുടങ്ങുന്ന ഭാഗത്ത് അടച്ച് രാത്രി 9മുതൽ രാവിലെ 7വരെ ഈ ഭാഗത്തെ സർവീസ് റോഡ് അടച്ചിട്ട് ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള വാഹനങ്ങൾ തെരു റോഡ് വഴി കടത്തിവിടും. എന്നാൽ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡ് പണി പൂർണമാകാത്തത് പിന്നീട് ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. സർവീസ് റോഡ് തുറന്നാൽ മേൽപ്പാതയിലൂടെയുള്ള വാഹന ഗതാഗതം തടയുമെന്നാണ് ഇരു സമരസമിതികളും പറഞ്ഞിരുന്നത്. എന്നാൽ ഗതാഗതക്കുരുക്കും ദേശീയപാതയിൽ നെടുങ്കണ്ട ഭാഗത്ത് റോഡ് പണിതീരാത്തതും ചൂണ്ടിക്കാട്ടി കരാർ കമ്പനി മേൽപ്പാതയിലൂടെയുള്ള ഗതാഗതം തുടരാൻ ആവശ്യപ്പെടാനാണ് സാധ്യത. സമരക്കാർ ഗതാഗതം തടഞ്ഞാൽ പൊലീസ് ഇടപെടലും നിയമ നടപടികളും സ്വീകരിക്കുമെന്നാണ് സൂചന. സമരസമിതി നേതാക്കളുമായും ദേശീയപാത അതോറിറ്റി, കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ എന്നിവരുമായും ആർഡിഒ ചർച്ച നടത്തും.










0 comments