കുള്ളൻ പശു ജില്ലയുടെ മൃഗം; ബേഡകം തെങ്ങ് വളർത്തുവൃക്ഷം

ജില്ലാ പഞ്ചായത്ത് ജെെവ വെെവിധ്യ പരിപാലന സമിതിയുടെ കാർഷിക ജെെവ വെെിധ്യ സ്പീഷിസ് പ്രഖ്യാപനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നു.

സ്വന്തം ലേഖകൻ
Published on Oct 25, 2025, 02:45 AM | 2 min read
പൊയിനാച്ചി
ജില്ലയുടെ വളർത്തുവൃക്ഷമായി ബേഡകം തെങ്ങിനെ പ്രഖ്യാപിച്ചു. കുള്ളൻ പശുവാണ് വളർത്തുമൃഗം. കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ജില്ലാ പഞ്ചായത്താണ് ജില്ലയുടെ സ്വന്തം ജൈവവൈവിധ്യങ്ങളെ പ്രഖ്യാപിച്ച് ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിന് പ്രത്യേകം പദ്ധതി തയ്യാറാക്കിയത്. പൊയിനാച്ചി ആശീർവാദ് ഓഡിറ്റോറിയത്തിലെ ചടങ്ങിൽ വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രഖ്യാപനം നിർവഹിച്ചത്. തുളുനാടിൽ ഉരുത്തിരിഞ്ഞതും ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് കാസർകോടൻ കുള്ളൻ. ഒരു മീറ്ററിൽ താഴെ മാത്രം ഉയരവും ചെറിയ ശരീശപ്രകൃതിയുമുള്ള ഇരുപതിനായിരത്തോളം കുള്ളൻ പശുക്കൾ ജില്ലയിലുണ്ട്. രാജ്യത്തിന് തനത് ജീവിവർഗമായി ഒൗദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് മറ്റ് പ്രാദേശിക ഇനങ്ങളിൽനിന്ന് ജനിതകവ്യത്യാസമുള്ള ഇനമാണ്. ഉയർന്ന രോഗപ്രതിരോധശേഷിയുള്ള കുള്ളൻ പശുക്കൾ സീറോ ബജറ്റ് കൃഷിരീതിക്ക് ഏറ്റവും ഇണങ്ങിയതാണ്. ബേഡഡുക്ക, മുന്നാട്, കൊളത്തൂർ മേഖലയിലെ കർഷകർ തലമുറകൾ നീണ്ട തെരശഞ്ഞടുപ്പിലൂടെ രൂപപ്പെടുത്തിയ തെങ്ങിനമാണ് ബേഡകം. ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളിലും കുറഞ്ഞ പരിപാലനത്തിൽ വളരുന്നുവെന്നതാണ് പ്രധാന സവിഷേശത. ജലസേചനമില്ലാതെ ശരാശരി 82 തേങ്ങയും ജലസേചനം നടത്തിയാൽ 188 തേങ്ങയുമാണ് വാർഷിക വിളവ്. പൊതിച്ച തേങ്ങയ്‌ക്ക് ശരാശരി 429 ഗ്രാമാണ് തൂക്കം. നേരത്തെ ജില്ലയുടെ ഒൗദ്യോഗിക വൃക്ഷമായി കാഞ്ഞിരത്തെയും പൂവായി പെരിയ പോളത്താളിയെയും പ്രഖ്യാപിച്ചിരുന്നു. വെള്ളവയറൻ കടൽ പരുന്താണ് പക്ഷി. ജീവിയായി പാലപ്പൂവൻ ആമയെയും പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ ഏറ്റവും വലിയ കടമയും കർത്തവ്യവുമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജോലിയില്ലാത്തവരുടെ ഏർപ്പാടായി പരിസ്ഥിതി സംരക്ഷണത്തെ കാണാൻ പാടില്ല. പരിസ്ഥിതിനാശം പ്രകൃതിനാശവും മാനവരാശിയുടെ നാശവുമായിരിക്കും. ഇന്നിനെകുറിച്ച് ഏറെ ചിന്തിക്കുകയും നാളെയെക്കുറിച്ച് ചിന്തിക്കാതിരിക്കും ചെയ്യുന്നവരാണ് പരിസ്ഥിതി നാശം വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തകർക്ക് പുരസ്കാരം കൈമാറി. ബിഎംസി പ്രവർത്തനങ്ങൾ വിവരിക്കുന്ന കൈപുസ്തകം എംഎൽഎ പ്രകാശിപ്പിച്ചു. ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രടറി ഡോ. വി ബാലകൃഷ്ണൻ ബ്രോഷൻ പ്രകാശിപ്പിച്ചു.ജൈവ വൈവിധ്യ പരിപാലനരംഗത്തെ മികച്ച വിദ്യാലയം, മികച്ച പച്ചതുരുത്തുകൾ സ്ഥാപിച്ച വിദ്യാലയങ്ങൾ, മികച്ച മധുരവനം സ്ഥാപിച്ച വിദ്യാലയങ്ങൾ, പരിസ്ഥിതി പുനസ്ഥാപനത്തിന് മാതൃകയായ വ്യക്തികൾ എന്നിവരെ ആദരിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ കെ ശകുന്തള, എസ് എൻ സരിത, ടി തമ്പാൻ, ഡോ. സി തമ്പാൻ, ഡോ. പി ബിജു എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് സെക്രടറി എസ് ബിജു സ്വാഗതവും വി എം അഖില നന്ദിയും പറഞ്ഞു.
ഒരുതൈ നടാം
ജില്ലയിൽ നട്ടത് 4.40 ലക്ഷം തൈകൾ
പൊയിനാച്ചി
നല്ല നാളെയ്ക്കായി പച്ചപ്പിനെ ചേര്‍ത്തുവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നവകേരളം കര്‍മപദ്ധതിയിലൂടെ ആവിഷ്‌കരിച്ച ഒരുതൈ നടാം ക്യാമ്പയിന്‍3 0ന് അവസാനിക്കാനിരിക്കെ ജില്ലയില്‍ 3,97,454 തൈകള്‍ ജനകീയമായും 42,906 തൈകള്‍ സര്‍ക്കാര്‍ സ്ഥാപനം വഴിയും ശേഖരിച്ചു. ഇതുവരെ 4,40,360 തൈകള്‍ നട്ടു. പ്രഖ്യാപനം വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതി, സ്വകാര്യ നേഴ്സറികള്‍, ഗവേഷണസ്ഥാപനങ്ങള്‍, കൃഷി വകുപ്പ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കുടുംബശ്രീ, വിദ്യാലയങ്ങള്‍, കോളേജുകള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ആരാധനായലങ്ങള്‍, വായനശാലകള്‍, സാമൂഹ്യ രാഷ്ട്രിയ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്‍ ജൂണ്‍ അഞ്ചിനാണ് ക്യാമ്പയിന്‍ ആരംഭിച്ചത്.










0 comments