ആർട്ടെമിസ് ലാബുമായി ശ്രീനന്ദിന്റെ ക്ലാസ് എൻട്രി

ശ്രീനന്ദ് എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നു
കെ വി രഞ്‌ജിത്
Published on Apr 27, 2026, 02:25 AM | 2 min read
കാസർകോട്
ഇന്നലെവരെ പഠിച്ചതൊന്നും പോരാതെവരുന്ന അവസ്ഥയാണിപ്പോൾ. തൊഴിലിടങ്ങളിൽ ധാരാളം പുതിയ അപ്‌ഡേഷനുകൾ. പല ജോലികൾക്കും എഐയുടെയും, റോബോട്ടിക്സിന്റെയും സഹായം കൂടിയേ തീരൂ. അങ്ങനെ സ്‌മാർട്ടാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ‘ആർട്ടെമിസ് ലാബുമായി’ എഐ, റോബോട്ടിക്‌സ് പഠനം നൽകാനൊരുങ്ങിയിരിക്കുകയാണ് പ്ലസ്‌ടു വിദ്യാർഥി. ഇരിയണ്ണി ജിഎച്ച്‌എസ്‌എസിൽ നിന്ന് പ്ലസ്‌ടു കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ശ്രീനന്ദ് കരിച്ചേരിയാണ് കാഞ്ഞങ്ങാട് വെറും പത്തുദിവസംകൊണ്ട് നിങ്ങളെ സ്‌മാർട്ടാക്കാനുള്ള പദ്ധതിയായ ‘ആർട്ടെമിസ് ലാബി’ലൂടെ ന്യൂജെൻ എഐ ക്ലാസ് നൽകുന്നത്. എഐ, റോബോട്ടിക്‌സ് എന്നിവയുടെ ബേസിക് മുതൽ അഡ്വാൻസ് വരെ പത്തുദിവസത്തെ ക്ലാസിനുള്ളിൽ പഠിപ്പിച്ചുതരും. ഇതിനായി ലാപ്‌ടോപ്പൊന്നും കൊണ്ടുവരേണ്ട. ഹൈസ്‌കൂൾ ,ഹയർസെക്കൻഡറി മുതൽ അതിനുമുകളിലുള്ള വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കുമടക്കം ക്ലാസിനെത്താം. മെയ് ഒന്നുമുതൽ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷൻ റോഡിലെ സ്ഥാപനത്തിലാണ് ക്ലാസ്. എന്താണ് അർഡുനോ, ഇതുപയോഗിച്ച് എങ്ങനെ പ്രൊജക്ടുകൾചെയ്യാം, ഇതുപയോഗിച്ച് എങ്ങനെയാണ് റോബോട്ടിനെ ഉണ്ടാക്കുന്നത്, ഇവയിൽ എങ്ങനെ സെൻസറുകൾ കണക്ട് ചെയ്യാമെന്നൊക്കെ പഠിപ്പിക്കും. ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 7907383980 നന്പറിൽ രജിസ്‌റ്റർചെയ്യാം. ഇന്നലെ പഠിച്ചതൊന്നും പോരാതെ വരുന്ന അവസ്ഥയിൽ വെറുതെ ഇരുന്നിട്ട് കാര്യമില്ല, അപ്‌സ്‌ക്കില്ലിങ്ങാണ് ഇതിനുള്ള പ്രതിവിധിയെന്ന് ശ്രീനന്ദ് പറയുന്നു. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് ക്ലബിൽ അംഗമായതുമുതലുള്ള കംപ്യൂട്ടറിലുള്ള താൽപര്യം കൂടിയ ശ്രീനന്ദിപ്പോൾ എൻജിനിയറിങ് വിദ്യാർഥികൾക്കുമുതൽ അധ്യാപകർക്കുവരെ ക്ലാസെടുക്കുന്നു. തീർന്നില്ല 25 തൊഴിലാളികളുള്ള കോഡ് കേവ് എന്ന കന്പനിയുടെ സഹ ഉടമകൂടിയാണ് ഇൗ പതിനെട്ടുകാരൻ. റോബോട്ടിക്സാണ് ഇഷ്ടമേഖലയെന്ന് ശ്രീനന്ദ് പറയുന്നു. ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ യൂട്യൂബ് നോക്കിയാണ് പഠിച്ചുതുടങ്ങിയത്. ഇതിനകം നിരവധി പ്രോജക്ടുകള്‍ തയ്യാറാക്കി. സംസ്ഥാന ശാസ്ത്രമേളയില്‍ അഗ്‌നിരക്ഷയ്ക്കുപയോഗിക്കുന്ന പൈറോകാം റോബോട്ടിനെ നിര്‍മിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടു. കീടനാശിനികള്‍ തളിക്കുന്നതിനുള്ള ക്യൂട്ടിബോട്ട് റോബോട്ട് നിര്‍മിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ മുന്പിൽ അവതരിപ്പിച്ചു. മണ്ണിനടിയില്‍ മനുഷ്യര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കുന്ന റോബോട്ടിന്റെ മാതൃക ‘അണ്ടര്‍ഗാര്‍ഡ്' എന്ന പേരില്‍ നിര്‍മിച്ചു. വീട്ടാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ‘ബി കോര്‍' എന്ന സെമി ഓട്ടോമേറ്റഡ് റോബോട്ടും നിര്‍മിച്ചു. റോബോട്ടുകളും മനുഷ്യരും വെർച്വൽ റിയാലിറ്റിയും ഇടകലർന്ന മാന്ത്രികാ അനുഭവങ്ങൾ സമ്മാനിക്കുന്ന പുതിയ സംരംഭത്തിന്റെ ഒരുക്കത്തിലാണ് ഇൗ മിടുക്കൻ. ഇൗയിടെ സുഹൃത്ത് ശ്രാവൺ നാരായണുമായിചേർന്ന് കോഡ് കേവ് കന്പനി നിർമിച്ചുനൽകിയ എഐ അധിഷ്ഠിത വാഹന പരിശോധനാ സോഫ്റ്റ്‌വെയർ ഇന്ത്യൻ ആർമി ഇൗസ്‌റ്റേൺ കമാൻഡിലെ ആന്ധ്രപ്രദേശ് യൂണിറ്റ് വാങ്ങിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറ്റിക്കോല്‍ പ്ലാവിലായ ഹൗസിലെ പ്രവാസിയായ എം ഗോപാലകൃഷ്ണന്റെയും കെ വത്സലയുടെയും രണ്ടാമത്തെ മകനാണ് ശ്രീനന്ദ്.










0 comments