ad
Deshabhimani

പാചകവാതക ക്ഷാമം

ഓലയും മടലും വിറകും വെറുതെയാകില്ല

ക്ലായിക്കോട്‌ വെള്ളാട്ടെ  നാരായണി ഓലയും മടലും ശേഖരിച്ചുവയ്‌ക്കുന്നു
avatar
കെ വി രഞ്‌ജിത്‌

Published on Mar 13, 2026, 03:00 PM | 2 min read

കാസർകോട്

‘‘ഓലേം മട്ടലും വെറൂം (വിറക്) മീനം വരുന്നതിനുമുന്പേ കൂട്ടിവെക്കുന്പോ ഇപ്പോഴത്തെ പിള്ളേർ സുയിപ്പാക്കും. ഇപ്പോ തിരിഞ്ഞല്ലോ. ഗ്യാസടുപ്പും കത്താത്ത കാലം വരുമെന്ന്‌. വീട്ടിനുമുകളിലെ കുന്നിന്‌ മുകളിൽനിന്ന്‌ ഇല്ലിക്കന്പ്‌ പറക്കിക്കൂട്ടുന്പോൾ പേരമകൾ രഞ്‌ജിമയോട്‌ ക്ലായിക്കോട്‌ വെള്ളാട്ടെ കരേട്‌ത്ത്‌ങ്ങാൽ നാരണ്‌ട്ടി പറഞ്ഞതിലുണ്ട്‌ ഇപ്പോഴത്തെ അവസ്ഥ. അടുപ്പുകൂട്ടാൻ വീട്ടിൽ ഗ്യാസുണ്ടെങ്കിലും മഴക്കാലം വരുന്പോൾ വിറകുകൂട്ടിവെക്കുന്ന ശീലം ഇവർ മറന്നിട്ടില്ല. ഇപ്പോ ങ്ങക്ക്‌ തിരിഞ്ഞില്ലേ എന്തിനീ യുദ്ധമൊക്കെ, അത്‌ ലോകാകെ ബാധിക്കില്ലേ.... എന്റെ തന്പുരാട്ടിയമ്മേ’’ എൻ വി കാർത്യാൺട്ടിയുടെ വാക്കുളിലുമുണ്ട്‌ യുദ്ധഭീതി. ​ ആലന്തട്ട കരുവളത്തെ കുടുക്കേൻ കേളുവേട്ടനും പറഞ്ഞു. ‘‘യുദ്ധമുണ്ടായാൽ എണ്ണയ്‌ക്ക്‌ ക്ഷാമമുണ്ടാകുമെന്ന്‌ ഉറപ്പല്ലേ. മ്മ പതിവുരീതിവിടാത്തത്‌ ഭാഗ്യം. രാവിലെണീറ്റ്‌ വെറ്‌കീറി വയ്ക്കുന്നതും ഓലേം മട്ടലം കൊത്തിവയ്‌ക്കുന്നതും കരുതലായി. അതിരാവിലെ പത്രം വായിക്കുന്നതിനാലും ടി വി വാർത്ത കാണുന്നതിനാലും ഗ്യാസ്‌ ക്ഷാമം മുൻകൂട്ടി കാണാനായി. കേളുവേട്ടൻ പറഞ്ഞു. ‘വില കൂട്ടാനില്ല, 
എല്ലാർക്കും ജീവിക്കണ്ടേ’ ​ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ ഇതാണ്‌ സ്ഥിതിയെങ്കിൽ പാചകവാതക ക്ഷാമം വിറകുള്ളതിനാൽ അത്ര ബാധിച്ചില്ലെങ്കിലും ചെറുനഗരങ്ങളിലും നഗരസഭകളിലും അതല്ല സ്ഥിതി. ഗ്യാസ്‌ ക്ഷാമം കൂടിയപ്പോൾ തന്നെ ചില വ്യാപാരികൾ വിറകിന്‌ വിലയും കൂട്ടാൻ തുടങ്ങി. എന്നാൽ ചെറുവത്തൂർ വി വി നഗറിലെ വിറകുവ്യാപാരി പി വി ശ്രീധരൻ ഒരിക്കലും വില കൂട്ടാൻ തയ്യാറല്ല. നിലവിലുള്ള വിലയായ ക്വിന്റലിന്‌ 700 രൂപയ്‌ക്ക്‌ തന്നെയാണ്‌ വിൽപന. ചില മുന്തിയ ഇനം മരത്തിന്റെ വിറകിന്‌ 800 രൂപ വാങ്ങും. ഹോട്ടലുകൾക്കും സദ്യയ്‌ക്കും വീടുകളിലുമാണ്‌ അധികമായും വിൽപന. നമുങ്കെന്തിന്‌ അധികലാഭം. ഗ്യാസ്‌ ക്ഷാമം മൂലം ആർക്കും ബുദ്ധിമുട്ടാവരുത്‌. ജീവിക്കാനുള്ള ലാഭം കിട്ടിയാൽ മതി. കയ്യൂർ, ചീമേനി, ഞണ്ടാടി, മുഴക്കോം, കൊടക്കാട്‌ ഭാഗങ്ങളിൽനിന്നാണ്‌ ഇവിടേക്ക്‌ വിറകെത്തുന്നത്‌. മരമില്ലുകളിൽ നിന്നുള്ള ഇ‍ൗർച്ചപ്പൊടിയും ക്വിന്റലിന്‌ 600 രൂപയ്‌ക്ക്‌ ഇവിടുന്ന്‌ നൽകുന്നുണ്ട്‌. യുദ്ധം നീണ്ടുനിന്നാൽ വരും മാസങ്ങളിൽ വിറകുവില ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മറ്റുജില്ലകളിൽ ടണ്ണിന് 200 രൂ മുതൽ 500 രൂപ വരെ വില വർധിച്ചിട്ടുണ്ട്‌. ഹോട്ടലുകളും ചെറുകിട ബേക്കറികളും വീണ്ടും വിറകിലേക്കും അറക്കപ്പൊടി അടുപ്പുകളിലേക്കും മാറിയതാണ് വിപണിയിൽ പെട്ടെന്നുള്ള ഡിമാൻഡ് വർധിക്കാൻ കാരണമായത്. തടിമില്ലുകളിൽ തടികൾ അറുത്തു പലകകളാക്കിയതിനു ശേഷം ബാക്കിവരുന്ന വിറകിന് ടണ്ണിന് 1500 രൂപ മുതൽ 2000 രൂപ വരെയും റബർ വിറകിന് 3000 മുതൽ 3500 രൂപയുമായി വർധിച്ചിട്ടുണ്ട്‌. വ്യവസായികാടിസ്ഥാനത്തിൽ ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകളിൽ ഏകദേശം 45 ശതമാനത്തോളം വിറകാണുപയോഗിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home