അറസ്റ്റുവരിച്ച് സമര വളന്റിയർമാർ
തൊഴിലാളി, കർഷക രോഷം അലയടിച്ചു

കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും കർഷകത്തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ ജയിൽ നിറക്കൽ സമരത്തിന്റെ ഭാഗമായി നടന്ന കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ വി വസന്തൻ ഉദ്‌ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Aug 11, 2026, 02:49 AM | 1 min read
കാഞ്ഞങ്ങാട്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും കർഷകത്തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ജയിൽ നിറക്കൽ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. നൂറ്റാണ്ടുകളുടെ പോരാട്ടത്തിൽ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാൻ വ്യഗ്രത കാട്ടുന്ന മോദി സർക്കാറിനെതിരെയുള്ള പ്രതിഷേധം അലയടിച്ചു. അതിരാവിലെതന്നെ സമര വളന്റിയർമാരെത്തി പോസ്‌റ്റ് ഓഫീസ് ഉപരോധിച്ചതിനാൽ ജീവനക്കാർക്ക് അകത്ത് പ്രവേശിക്കാനായില്ല. കോട്ടച്ചേരി കേന്ദ്രീകരിച്ച് നടന്ന പ്രകടനം പോസ്‌റ്റ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രതികൂല കാലാവസ്ഥ അവഗണിച്ച് ആയിരങ്ങളാണ് സമരത്തിൽ അണിനിരന്നത്. സമരം കിസാൻസഭ സംസ്ഥാന സെക്രട്ടറി കെ വി വസന്തൻ ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, സമര സമിതി നേതാക്കളായ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി എച്ച് കുഞ്ഞന്പു, കെ കുഞ്ഞിരാമൻ (കർഷകസംഘം), സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, വി പി പി മുസ്‌തഫ, വി വി പ്രസന്നകുമാരി, യു തന്പാൻനായർ (സിഐടിയു), വി കെ രാജൻ(കെഎസ്‌കെടിയു) ബങ്കളം കുഞ്ഞികൃഷ്‌ണൻ(കിസാൻസഭ), കെ വി കൃഷ്‌ണൻ, ടി കൃഷ്‌ണൻ, എം കുമാരൻ കെഎസ് കുര്യാക്കോസ് (എഐടിയുസി), കെ അന്പാടി (എച്ച്‌എംഎസ്), പി കെ അബ്ദുൾ റഹിമാൻ (ഐഎൻഎൽ) എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി മണിമോഹൻ സ്വാഗതം പറഞ്ഞു. സമര വളണ്ടിയർമാരെ ഉച്ചയോടെ അറസ്‌റ്റ്‌ചെയ്‌തായി പൊലീസ് അറിയിച്ചു.










0 comments