ad
Deshabhimani

വിജയവഴിയിൽ ബേഡഡുക്ക ഫാർമേഴ്‌സ് ബാങ്ക്‌ ചകിരിയാണ് ചോറ്

ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ ഡീ ഫൈബറിങ് യൂണിറ്റിൽ (ചകിരിമില്ല്) 
തൊഴിലാളികൾ ചകിരിനാര് നിർമാണത്തിൽ
വെബ് ഡെസ്ക്

Published on Aug 08, 2026, 03:00 AM | 1 min read

കുണ്ടംകുഴി ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ ഡീ ഫൈബറിങ് യൂണിറ്റ് (ചകിരിമില്ല്) വിജയഗാഥ തുടരുന്നു. സംസ്ഥാന സഹകരണ വകുപ്പ്, കേരള ബാങ്ക്, നബാർഡ് എന്നിവരുടെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് സംരംഭം പ്രവർത്തിക്കുന്നത്. നിടുംബയലിൽ മൂന്ന് വർഷം മുമ്പ് തുടങ്ങിയ സ്ഥാപനത്തിൽ 12 തൊഴിലാളികളുണ്ട്‌. 1.82 ഏക്കറിൽ മൂന്ന് കെട്ടിടങ്ങൾ ഈ സംരംഭത്തിനുണ്ട്. ചകിരിനാര്, ചകിരിച്ചോറ് യൂണിറ്റ്, കൊപ്ര, വെളിച്ചെണ്ണ യൂണിറ്റ്, ഒരു ഓഫിസ് മുറി എന്നിവയാണുള്ളത്. കൊപ്ര, വെളിച്ചെണ്ണ, ചകിരിച്ചോറ്, പിണ്ണാക്ക്, ചകിരിനാര് എന്നിവയാണ് സംരംഭത്തിൽ ഉൽപ്പാദിപ്പിക്കുന്നത്‌. തെങ്ങ് കർഷകരിൽനിന്ന്‌ തേങ്ങയും തൊണ്ടും ശേഖരിക്കും. തൊഴിലാളികൾ നേരിട്ട് കർഷകരുടെ വീടുകളിലെത്തിയാണ് ഈ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുക. ഒരു തേങ്ങയുടെ തൊണ്ടിന്‌ ഒരു രൂപ നിരക്കിൽ കർഷകന് നൽകും. നേരത്തെ ആവശ്യമില്ലാതെ കളഞ്ഞ തൊണ്ടുകളിൽനിന്ന്‌ ഇപ്പോൾ കർഷകന് വരുമാനം ലഭിക്കും. മില്ലിൽ തൊണ്ട് ചതയ്ക്കൽ, പൊടിയും നാരും നിർമിച്ച് തരംതിരിക്കൽ, പാക്കിങ് എന്നിവയ്ക്കായി ലക്ഷങ്ങൾ വിലവരുന്ന വലിയ യന്ത്രങ്ങൾ സഹായിക്കും. തുടർന്ന് ചകിരിനാര് സംസ്ഥാനത്തെ വിവിധ കയർ സഹകരണ സംഘങ്ങളിലെത്തിക്കുന്നു. ചകിരിച്ചോറ്‌ കർഷകർക്ക് പച്ചക്കറി കൃഷിചെയ്യാനും കോഴിഫാമിലും ജില്ലയിലെ ജൈവവള നിർമാണ യൂണിറ്റുകളിലും നൽകും. ചകിരി ബേബി ഫൈബർ കർഷകർക്ക് ജലസേചന സൗകര്യത്തിനായി തോട്ടങ്ങളിൽ പൊതയിടാൻ ഉപയോഗിക്കുന്നു. തേങ്ങ മുറിച്ചശേഷം സാങ്കേതിക സഹായത്തോടെ ഉണക്കും. തേങ്ങ വേഗത്തിലും വൃത്തിയായും ഉണക്കി കൊപ്രയാക്കാൻ ഉപയോഗിക്കുന്ന കൊപ്ര ഡ്രയർ കേരള കൃഷി വകുപ്പിന്റെ സഹായത്തോടെയാണ് വാങ്ങിയത്. ചിരട്ടയോ കരിങ്കോപ്പോ ഇന്ധനമായി ഉപയോഗിച്ചോ വൈദ്യുതിയിലൂടെയോ ഇത് പ്രവർത്തിപ്പിക്കാം. കൊപ്ര ജില്ലയിലെ വിവിധ വിപണികളിൽ വിൽക്കാനും വെളിച്ചെണ്ണ, പിണ്ണാക്ക് എന്നിവ ഉൽപ്പാദിപ്പിക്കാനും ഉപയോഗിക്കും. വെളിച്ചെണ്ണ പാക്കറ്റ് ചെയ്ത് വിപണിയിൽ നൽകാനുള്ള അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്. കേരള സ്റ്റേറ്റ് കയർ മാനുഫാക്ച്ചറിങ് കമ്പനി മില്ലിലെ യന്ത്രങ്ങൾക്ക് സബ്‌സിഡി നൽകിയിട്ടുണ്ട്. കാർഷിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നബാർഡിന്റെ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് കൂടി ലഭ്യമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home