തൊഴിൽ ദിനങ്ങൾ കുറഞ്ഞു; കൂലിയുമില്ല

കാസർകോട്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബിജി ആർഎഎംജി പദ്ധതി നിലവിൽ വന്നപ്പോൾ ജില്ലയിൽ തൊഴിൽദിനങ്ങളിൽ വലിയ കുറവ്. തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാന്പത്തിക വർഷം ജില്ലയിൽ 3.5 കോടി തൊഴിൽദിനങ്ങളാണ് ലഭിച്ചത്. ഈ സാമ്പത്തിക വർഷം ഇതുവരെ ലഭിച്ചത് ഒരു ലക്ഷത്തിൽ താഴെ മാത്രം. ഗ്രാമീണ ഇന്ത്യയുടെ മുഖഛായ മാറ്റുമെന്ന അവകാശവാദവുമായാണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. പദ്ധതിതന്നെ അട്ടിമറിക്കാനാണ് ഇതെന്ന ആശങ്ക ശരിവയ്‌ക്കുന്നതാണ് തൊഴിൽദിനങ്ങളിലുണ്ടായ കുറവ്. തൊഴിൽദിനങ്ങൾ കുറഞ്ഞത് തൊഴിലാളികളെയും ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു. ജില്ലയിൽ 2.56 ലക്ഷം തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിലുണ്ട്. ഇതിൽ 1.14 പേർ സജീവ തൊഴിലാളികളാണ്. ഇൗ വർഷം അഞ്ചുമാസക്കാലം തൊഴിലാളികൾക്ക് പണിയില്ലാത്ത അവസ്ഥയായിരുന്നു. എല്ലാ വർഷവും ഓണമാകുമ്പോഴേക്കും 40, -50 പണി പൂർത്തിയാക്കി നല്ലൊരു തുക ഇവർക്ക് കൈയിൽ കിട്ടുമായിരുന്നു. ഇത്തവണ ഓണക്കാലത്തും തൊഴിലും കൂലിയും ഉണ്ടായില്ല. ആഗസ്‌ത് അവസാനമാണ് പുതിയ നിയമപ്രകാരമുള്ള പണികൾ തുടങ്ങിയത്. അതും തൊഴിലാളികൾ തൊഴിലുറപ്പിന് അപേക്ഷ നൽകിയ ശേഷം. ഇതു പ്രകാരം 15 ദിവസത്തിനകം ജോലി അനുവദിച്ചുനൽകണം. അല്ലാത്തപക്ഷം തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ടാകും. പുതിയ പദ്ധതി നിലവിൽ വന്നതോടെ നേരത്തെ ചെയ്‌ത പണിയുടെ കുടിശ്ശികത്തുക കിട്ടുമോ എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നു. ജില്ലയിൽ 14.3 കോടി രൂപയോളം തൊഴിലാളികൾക്ക് കുടിശ്ശിക നൽകാനുണ്ട്. പുതിയ മാർഗരേഖയിൽ 318 തൊഴിലിനങ്ങൾ പറയുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കായികാധ്വാനത്തിന് മുൻഗണനയുള്ളവയാണ്. സ്ത്രീകൾക്ക് എടുക്കാൻ പറ്റുന്ന രീതിയിലുള്ളതല്ല മിക്ക പണികളും. നിർമാണ ജോലിയടക്കം കായികശേഷി ഏറെ വേണ്ടിവരുന്ന ജോലികളിൽ ഏർപ്പെടാൻ കഴിയാതെ പുറത്താകുമോയെന്ന ആശങ്കയിലാണ് പ്രായമേറിയ തൊഴിലാളികൾ പലരും.










0 comments