ആകാശപ്പാതക്കായി അതിശക്തസമരം

നീലേശ്വരം
നീലേശ്വരത്ത് ആകാശപ്പാത അനിവാര്യമാണെന്നതിൽ ഉറച്ച് സമരം ശക്തമാക്കാൻ നഗരസഭ അഡ്ഹോക് കമ്മിറ്റി തീരുമാനം.ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയ്ക്ക് കുറുകെയുള്ള പഴയപാലം പൊളിച്ച് പുതിയപാലം പണിത് മാർക്കറ്റ് ജങ്ഷൻ മുതൽ പൊലീസ് സ്റ്റേഷൻ വരെ ആകാശപ്പാത നിർമ്മിക്കണമെന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യാഴാഴ്ച ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗം വ്യക്തമാക്കി. കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റിയുടെ കൺസൾട്ടന്റ് സ്ഥലം സന്ദർശിച്ച് പ്രശ്നങ്ങൾ ആരാഞ്ഞിരുന്നു. പഴയപാലത്തിന്റെ ബലക്ഷമത പരിശോധിക്കാൻ വെള്ളിയാഴ്ച ചെന്നൈ ഐഐടി പ്രതിനിധികൾ എത്തുമെന്നും കൺസൾട്ടൻറ് അറിയിച്ചിരുന്നു. എന്നാൽ പരിശോധനാ ഫലം എന്തുതന്നെയായാലും പഴയപാലം പൊളിക്കണമെന്ന ആവശ്യത്തിൽനിന്നും പിന്നോട്ടില്ലെന്ന് നഗരസഭയും അഡ്ഹോക് കമ്മിറ്റിയും വ്യക്തമാക്കി. ഉയരപ്പാതയിലൂടെ താൽക്കാലികമായി ഗതാഗതം ആരംഭിക്കാനുള്ള നീക്കം തടയുമെന്ന് അഡ്ഹോക് കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി ഭാരവാഹികൾ ദേശീയ പാതയിൽ ഉയരപ്പാതയുടെ ഇരുഭാഗവും ഗതാഗതം നിരോധിച്ചുള്ള ബാനർ സ്ഥാപിച്ചു. 26ന് സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ- തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗം നടക്കും. 28 ന് വൈകിട്ട് നാലുമുതൽ ആറുവരെ നീലേശ്വരം നഗരത്തിൽ ഹർത്താൽ നടത്തും. തുടർന്ന് ജനകീയ കൺവൻഷൻ. 29 മുതൽ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.









0 comments