ad
Deshabhimani

അശാസ്‌ത്രീയ നിർമാണമെന്ന്‌ ആരോപണം

പള്ളിക്കര റെയിൽവേ മേൽപ്പാല ഭിത്തിയിൽ വിള്ളൽ

​പള്ളിക്കര റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ വീണ ഭാഗങ്ങളിൽ കോൺക്രീറ്റ് ലോക്കുകൾ സ്ക്രൂ ചെയ്ത് നിർത്തിയ നിലയിൽ
വെബ് ഡെസ്ക്

Published on Apr 17, 2026, 03:00 AM | 1 min read

നീലേശ്വരം

നീലേശ്വരം ​പള്ളിക്കരയിലെ റെയിൽവേ മേൽപ്പാലത്തിന്റെ എംബാങ്ക്ഡ് ഭിത്തികളിൽ രൂപപ്പെട്ട വിള്ളൽ ജനങ്ങളെ ഭീതിയിലാക്കുന്നു. പാലം നിർമാണ വേളയിൽ നാട്ടുകാരും സാങ്കേതിക വിദഗ്‌ധരും ഉയർത്തിയ ആശങ്ക ശരിവയ്‌ക്കുന്ന രീതിയിലാണ് പാലത്തിന്റെ വശങ്ങളിൽ കോൺക്രീറ്റ് ലോക്കുകൾക്കിടയിൽ വിള്ളൽ രൂപപ്പെട്ടത്. നിർമാണവേളയിൽ നാട്ടുകാർ ഇതിന്റെ പോരായ്മ അധികൃതരുടെയും കരാർ കമ്പനിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും സിമന്റ്‌ ചാന്ത് ഉപയോഗിച്ച് താല്കാലിക പരിഹാരം കാണുകയായിരുന്നു. മൂന്നുവിള നെൽകൃഷി ചെയ്തിരുന്ന വെള്ളം കെട്ടിനിൽക്കുന്ന വയലിലൂടെയാണ് ശാസ്ത്രീയ പരിശോധന നടത്താതെ മണ്ണിട്ടുയർത്തി പാലം നിർമിച്ചത്. വർഷത്തിൽ ഒന്പത്‌ മാസത്തോളം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലമായിരുന്നു ഇത്. പാരിസ്ഥിതിക പഠനം നടത്താതെ ചതുപ്പിന് സമാനമായ വയലിൽ നിർമാണം നടത്തിയതാണ് ലോക്കുകളിൽ വിള്ളൽ വീഴാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. സാധാരണ കോൺക്രീറ്റ് ലോക്കുകൾ ഉപയോഗിച്ച് ഭിത്തി നിർമിച്ചാൽ വിള്ളലുണ്ടാകാൻ സാധ്യത കുറവാണ്. എന്നാൽ ഇവിടെ ഭിത്തിയുടെ അടിഭാഗം ചതുപ്പ് പ്രദേശമായതിനാൽ ഉറച്ചു നിൽക്കാത്തതാണ് വിള്ളൽ വീഴാൻ കാരണമായതെന്ന് പറയുന്നു. ചതുപ്പുപ്രദേശമെന്ന പരിഗണനയിൽ ഇവിടെ മണ്ണിട്ടുയർത്തിയുള്ള നിർമാണം പാലത്തിന്റെ ആയുസ്സിനെ ബാധിക്കുമെന്നും തൂണുകളിലുള്ള നിർമാണമായിരിക്കും അഭികാമ്യമെന്നും വിദഗ്ദർ പറഞ്ഞിരുന്നു. ഭിത്തിയുടെ വിള്ളൽ ശാശ്വതമായി പരിഹരിച്ചില്ലെങ്കിൽ നിരവധി ഭാരമുള്ള വാഹനങ്ങളടക്കം കടന്നുപോകുമ്പോഴുണ്ടാകുന്ന ആഘാതം വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. നിലവിൽ ഇതേ സംവിധാനമാണ് ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റിലും നടപ്പാക്കാൻ തുനിയുന്നത്. പള്ളിക്കര വയലിൽ കൂടിയാണ് മണ്ണിട്ടുയർത്തി പാലം നിർമിച്ചതെങ്കിൽ ഇവിടെ ചതുപ്പിലും വെള്ളക്കെട്ടിലുമാണ് മണ്ണിട്ടുയർത്തി ദേശീയപാത നിർമിക്കുന്നത്. മഴക്കാലങ്ങളിൽ മലവെള്ളപ്പാച്ചലിൽ ഇതുപോലുള്ള ഭിത്തി നിർമിച്ചാൽ ഏതുസമയത്തും തകർന്ന് വീഴാനും സാധ്യതയേറെ. കൊല്ലത്ത് സമാന സാഹചര്യത്തിൽ നിർമിച്ച മണ്ണിട്ടുയർത്തിയുള്ള പാതനിർമാണം വിദഗ്ദ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയും തൂണുകളിൽ കൂടിയുള്ള ആകാശപാതയ്ക്കായി ദേശീയപാത അതോറിറ്റി അനുമതി നൽകുകയുമായിരുന്നു. ദേശീയപാതയിൽ നീലേശ്വരം പുഴക്ക് മാത്രമാണ് മൂന്നുവരി പാതയുള്ള പാലം നിർമിച്ചത്. അമ്പതാണ്ട് പിന്നിട്ട ഏത് നിമിഷവും തകരാൻ പാകത്തിലുള്ള പാലം നിലനിർത്തിയാണ് ദേശീയപാത നിർമാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home