പവർകട്ട്
വൈദ്യുതി ഓഫീസുകളിലേക്ക് യുവതയുടെ ചൂട്ട് മാർച്ച്

കാസർകോട്
അപ്രഖ്യാപിത പവർ കട്ട് ഏർപ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ കെഎസ്‌ഇബി ഓഫീസുകളിലേക്കും ചൂട്ട് മാർച്ച് സംഘടിപ്പിച്ചു. മണിക്കൂറുകൾ നീളുന്ന പവർകട്ട് കാരണം എല്ലാ മേഖലയിലുള്ളവരും കടുത്ത പ്രയാസത്തിലാണ്. രാത്രി അടിക്കടിയുണ്ടാവുന്ന കട്ട് വയോധികരെയും കിടപ്പുരോഗികളെയും കൈക്കുഞ്ഞുള്ള അമ്മമാരെയും വിദ്യാർഥികളെയും ഒരുപോലെ വലക്കുന്നു. ആശുപത്രികൾ, ഭക്ഷണശാലകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയെല്ലാം പവർകട്ട് ദോഷകരമായി ബാധിച്ചു. ചൂട്ടുമായി കെഎസ്‌ഇബി ഓഫീസുകൾക്ക് മുന്നിലേക്ക് നടന്ന മാർച്ചിൽ നൂറുകണക്കിന് യുവാക്കൾ അണിനിരന്നു. പിലിക്കോട്, കയ്യൂർ, പടന്ന, ചോയ്യംകോട്, ചിറപ്പുറം, ഭീമനടി, പെരിയ, ചിത്താരി, ഹൊസ്ദുർഗ്, മാവുങ്കാൽ, പടന്നക്കാട്, രാജപുരം, ചട്ടഞ്ചാൽ, ഉദുമ, കുറ്റിക്കോൽ, നെല്ലിക്കുന്ന്, ചെർക്കള, പെർള, ബദിയഡുക്ക, സീതാംഗോളി, കുമ്പള, ഉപ്പള, പൈവളിഗെ എന്നീ 23 കേന്ദ്രങ്ങളിലാണ് ചൂട്ട് മാർച്ച് സംഘടിപ്പിച്ചത്. പിലിക്കോട് കെഎസ്‌ഇബി ഓഫീസിനുമുന്നിൽ നടന്ന മാർച്ച് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്‌ഘാടനംചെയ്‌തു. കെ ഭജിത്ത് അധ്യക്ഷനായി. റോജ, വൈശാഖ്, സനൽ എന്നിവർ സംസാരിച്ചു. കെ വി യദു സ്വാഗതം പറഞ്ഞു. ഭീമനടിയിൽ ജില്ലാ പ്രസിഡന്റ് എം വി രതീഷ് ഉദ്‌ഘാടനംചെയ്‌തു. രജിത് പൂങ്ങോട് അധ്യക്ഷനായി. ടി കെ ഗിരീഷ് സ്വാഗതം പറഞ്ഞു. ഹൊസ്ദുർഗിൽ ജില്ലാ ട്രഷറർ കെ ആർ അനിഷേധ്യ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി ഗിനീഷ് കുറ്റിക്കോലിലും കെ കനേഷ് നീലേശ്വരം ചിറപ്പുറത്തും സാദിഖ് ചെറുഗോളി കുമ്പളയിലും കെ മഹേഷ് ഉദുമയിലും ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ സുഭാഷ് പാടി ചെർക്കളയിലും നാസറുദ്ദീൻ മലങ്കര പൈവളിഗെയിലും ഉദ്‌ഘാടനംചെയ്‌തു.










0 comments