അതിശയിപ്പിക്കുന്ന ആശയത്തിന്, കോടികളുടെ പിന്തുണ

കാഞ്ഞങ്ങാട്
അതിശയിപ്പിക്കുന്ന ബിസിനസ് ആശയങ്ങളുണ്ടാക്കി സാക്ഷാത്കാരത്തിന്റെ പുതുചിറകു ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുവസംരംഭകൻ വെള്ളിക്കോത്തെ വരുൺ ശ്രീധരന്റെ നേതൃത്വത്തിൽ ചെന്നൈയിൽ തുടങ്ങിയ ‘ഗ്രീൻവയൺമെന്റ് ഇന്നൊവേഷൻ’ സ്റ്റാർട്ടപ്പ് കമ്പനി. കമ്പനി വിപുലീകരണത്തിനായി 10 ലക്ഷം ഡോളർ (ഏകദേശം എട്ടരക്കോടി രൂപ) നിക്ഷേപവുമായി സിറോദ ഗ്രൂപ്പാണെത്തിയത് . ഓഹരി വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇന്ത്യയിലെ പ്രമുഖ കമ്പനിയാണിത്. ജലസംരക്ഷണം, ശുദ്ധീകരണം, മഴവെള്ള സംഭരണം തുടങ്ങിയ മേഖലകളിൽ ഇന്റർനെറ്റ്, സെൻസർ സംവിധാനങ്ങളുടെ സഹായത്തോടെ കൃത്യമായ പ്രവർത്തനഫലങ്ങൾ ഉറപ്പുവരുത്തുകയാണ് ഗ്രീൻവയൺമെന്റ്. വരുൺ, അച്ഛൻ പുറവങ്കര ശ്രീധരൻ നായർ, ഒടയംചാൽ സ്വദേശി മോഹൻരാജ് മാക്കുനി, തൃശൂർ സ്വദേശി സാം തോമസ് എന്നിവർ ചേർന്നാണ് സ്റ്റാർട്ട് അപ് തുടങ്ങിയത്. ചെന്നൈ സ്വദേശി ജഫീൽ പിന്നീട് സ്വതന്ത്ര ഡയറക്ടറായി ഇവർക്കൊപ്പം ചേർന്നു. മദ്രാസ് ഐഐടി റിസർച്ച് പാർക്കിന് അനുബന്ധമായാണ് കമ്പനി പ്രവർത്തിക്കുന്നത്. രാജ്യത്തുടനീളം മുന്നൂറോളം സ്ഥാപനങ്ങളിൽ ഇതിനകം ഗ്രീൻവയൺമെന്റ് ഇന്നൊവേഷൻ ജലസംരക്ഷണവുമായി ബന്ധപ്പെട്ട സ്മാർട്ട് സെൻസർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഓഫീസുകളും ആശുപത്രികളും അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും മാളുകളുമെല്ലാം ഇതിൽപ്പെടുന്നു. ജലത്തിന്റെ ഗുണനിലവാരം, ഒഴുക്കിന്റെ ശക്തി, ഊർജ ഉപഭോഗം തുടങ്ങിയ വിവരങ്ങൾ അതത് സമയങ്ങളിൽ ലഭ്യമാക്കാനും പ്രായോഗിക പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്താനും സാധിക്കും. ആറുകോടി രൂപയുടെ വാർഷിക വരുമാനമുണ്ട് കമ്പനിക്ക്. അടുത്ത ഘട്ടമായി ഗൾഫ് രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.









0 comments