കരിഞ്ഞുണങ്ങുന്നു കർഷക പ്രതീക്ഷ

പി വിജിൻദാസ്
Published on Apr 25, 2026, 03:00 AM | 1 min read
ചെറുവത്തൂർ തേജ്വസിനിയുടെ കൈവഴിയായ രാമൻചിറ മുട്ടോളി പുഴയിൽനിന്ന് ഉപ്പുവെള്ളം കയറി കൃഷി വ്യാപകമായി നശിക്കുന്നത് കർഷകരുടെ സ്വപ്‌നങ്ങൾക്ക് കരി നിഴലാകുന്നു. മുഴക്കോം, നാപ്പച്ചാൽ, കൊരക്കണ്ണി , പുതിയകണ്ടം, മൂട്ടോളി തുടങ്ങിയ പ്രദേശത്തെ ഏക്കറുകളോളം നെൽ കൃഷി വെള്ളം കയറി നേരത്തേതന്നെ നശിച്ചതും കർഷകർക്ക് തിരിച്ചടിയായിരുന്നു. കയറിയ ഉപ്പുവെള്ളം ഇറങ്ങാതെ കെട്ടിനിന്നതോടെ സമീപ പ്രദേശങ്ങളിലെ തെങ്ങുകളും കവുങ്ങുകളും ഉണങ്ങി നശിക്കുകയാണ്. 120 തെങ്ങുകൾ ഉണങ്ങി നശിച്ചു. ഉപ്പുവെള്ളം കയറിയതോടെ തെങ്ങിൻ കൃഷിയിടത്തിൽ നഞ്ച് രൂപപ്പെട്ടതാണ് തെങ്ങും കവുങ്ങും നശിക്കാൻ കാരണമായതെന്ന് കർഷകർ പറഞ്ഞു. ഉപ്പുവെള്ളം തടയുന്നതിനായി രാമൻചിറ മുട്ടോളിപ്പുഴയിൽ ഷട്ടർകം ബ്രിഡ്‌ജ് നിർമിച്ചിരുന്നു. കാലപ്പഴക്കത്താൽ ഇവ ദ്രവിച്ച് നശിച്ചു. കർഷകരുടെ ആശങ്ക പരിഹരിക്കാൻ പുതിയ ഷട്ടർ നിർമിക്കാനുള്ള തയാറെടുപ്പും ആരംഭിച്ചിരുന്നു. ഇതിനായി കാസർകോട് വികസന പാക്കേജിൽ ഉൾപെടുത്തി 1.76കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ നിർമാണം തൂണുകളിൽ മാത്രം ഒതുങ്ങി. കരാറുകാരന്റെ അനാസ്ഥയാൽ പ്രവൃത്തി നടന്നില്ല. നാലുവർഷമായിട്ടും പ്രവൃത്തി പുനരാരംഭിക്കാനും കരാറുകാരൻ തയ്യാറായിരുന്നില്ല. ഷട്ടർ ഇല്ലാത്തതിനാൽ പുഴയിൽനിന്നും കൃഷിയിടങ്ങളിലേക്കും പറമ്പുകളിലേക്കും ഉപ്പുവെള്ളം കയറി. കിണറിലും ഉപ്പുവെള്ളം കയറിയതോടെ കുടിവെള്ളവും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. രാമൻചിറ ഷട്ടർ കം ബ്രിഡ്‌ജ് പ്രവൃത്തി പുനരാരംഭിക്കണമെന്ന് നാട്ടുകാരും കർഷകസംഘവും നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്. നിർമിച്ച തൂണുകളിൽ താൽകാലികമായി ഇരുമ്പ് പാളികൾ സ്ഥാപിച്ചു. ബ്രിഡ്‌ജിന്റെ മറ്റൊരുഭാഗത്ത് ഇപ്പോൾ കരിങ്കൽ ഭിത്തി കെട്ടുന്ന പ്രവൃത്തി നടക്കുന്നുണ്ട്. എന്നാൽ പ്രവൃത്തി മന്ദഗതിയിലാണ് നീങ്ങുന്നതെന്നാണ് കർഷകരുടെ ആക്ഷേപം. ഷട്ടർ കം ബ്രിഡ്‌ജ് പൂർണ തോതിൽ പ്രവർത്തന ക്ഷമമാക്കിയില്ലെങ്കിൽ ഇനിയും ഉപ്പുവെള്ളം കയറി കൃഷിനാശം വ്യാപകമാകും.










0 comments