ഹിൽപാലസ് കൂട്ടായ്‌മ മുമ്പേ പറഞ്ഞു മലയിടിയാൻ കാക്കരുത്

കെ വി രഞ്‌ജിത്
Published on Jul 27, 2025, 03:01 AM | 1 min read
കാസർകോട് ജൂലൈ 23 ബുധൻ രാവിലെ 9.55. കണ്ണൂർ –- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ഹിൽപാലസ് ബസ് വീരമലക്കുന്നിനടുത്തെത്തിയപ്പോൾ കുന്നിടിയാനുള്ള സാധ്യതയകറ്റി യാത്രാസുരക്ഷ ഉറപ്പുവരുത്തണമെന്ന നിവേദനത്തിൽ ഒപ്പിടാൻ തുടങ്ങി യാത്രക്കാർ. കൃത്യം 10.02ന് നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെത്തിയപ്പോൾ ബസ് ദേശീയപാതയുടെ സർവീസ് റോഡിലെ കുഴിയിൽവീണു. അപ്പോൾ താലൂക്ക് ഓഫീസ് ജീവനക്കാരന്റെ ഒപ്പ് നിലതെറ്റി കടലാസ് മുഴുവനുമായപ്പോൾ കൂട്ടച്ചിരിക്കൊപ്പം മേഘ കമ്പനിയുടെ നിർമാണത്തിലെ അനാസ്ഥയെക്കുറിച്ചായി ചർച്ച. അപ്പോഴാണ് കണ്ടക്ടർക്ക് ഫോൺ സന്ദേശമെത്തിയത്. വീരമലക്കുന്ന് ഇടിഞ്ഞുവീണു. ഇതറിഞ്ഞ യാത്രക്കാർ തലയിൽകൈവച്ചു. ഇടിയുന്നതിന് മിനുട്ടുകൾക്കുമുമ്പാണല്ലോ ബസ് കടന്നുപോയത്. രക്ഷപ്പെട്ടതിന്റെ ആശ്വാസമുണ്ടെങ്കിലും ആശങ്ക അകന്നില്ല. മൂന്നുവർഷമായി കണ്ണൂരിൽനിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന ബസിലെ സ്ഥിരം യാത്രക്കാർ ചേർന്ന് രൂപീകരിച്ച കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ഭീമഹർജിക്ക് ഒപ്പുശേഖരിച്ചത്. ബസിൽ കയറുന്നവരോട് ദേശീയപാത രണ്ടും മൂന്നും റീച്ചിലെ നിർമാണത്തിലെ പിഴവിനെക്കുറിച്ചും വീരമലയും മട്ടലായിക്കുന്നും ഇടിച്ചപ്പോഴുള്ള അപകടാവസ്ഥയും വിവരിച്ചാണ് ഒപ്പുശേഖരിച്ചത്. എട്ടുമാസംമുമ്പ് മണ്ണിടിക്കൽ രൂക്ഷമായ ഘട്ടത്തിലും ഇവർ ജില്ലാഭരണസംവിധാനത്തിനും തഹസിൽദാർക്കും നിവേദനം നൽകിയിരുന്നു. ദേശീയപാതാ വികസനം നാടിന്റെ അനിവാര്യതയാണ്, പക്ഷെ അതിന്റെ അശാസ്ത്രീയമായ നിർമാണത്തിൽ അപകടം തുടർക്കഥയാവുകയാണ്. നാട്ടുകാരുടെ നിർദേശങ്ങൾ സ്വീകരിക്കാൻ കരാർ കമ്പനി തയ്യാറാവാത്തതും പ്രകൃതിയെ അറിയാത്ത നിർമാണവുമാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് കൂട്ടായ്‌മയിലെ അംഗങ്ങൾ പറഞ്ഞു. തിരക്കുകൾക്കിടയിലും യാത്രാവേളകളിലെ അപകടകരമായ അവസ്ഥയെ മുമ്പേ തിരിച്ചറിഞ്ഞ് കർമപരിപാടിയായി ഓരോ യാത്രക്കാരെയും വീരമലക്കുന്നിന്റെ അതീവ അപകടാവസ്ഥ ബോധ്യപ്പെടുത്തിയായിരുന്നു ഒപ്പുശേഖരണം. നഷ്ടങ്ങളും ദുരന്തങ്ങളും സംഭവിച്ചശേഷംമാത്രം വിലപിക്കുന്ന സമൂഹമായി മാറുന്ന അവസ്ഥയിൽനിന്ന് മാറിച്ചിന്തിക്കുന്നവരാണ് കൂട്ടായ്‌മയിലെ അംഗങ്ങളെന്ന് കാലിക്കടവിലെ വി അനീഷ് പറഞ്ഞു. രണ്ടുവർഷമായി ബസിൽ സ്ഥിരം യാത്ര ചെയ്യുന്നവരുടെ പിറന്നാളും മറ്റുവിശേഷദിവസങ്ങളും പുതുവത്സരവും ബസിൽ ആഘോഷിക്കാറുണ്ട്. പുതുവത്സരത്തിന് ബസിൽ യാത്രചെയ്‌തവർക്കെല്ലാം ഉപഹാരവും നൽകി.








0 comments