സംസ്ഥാന ബജറ്റ് പണമില്ല, പദ്ധതിയില്ല പരാമർശം മാത്രം

കാസർകോട് ജില്ലക്കായി പുതിയ പദ്ധതികളൊന്നുമില്ലാതെ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ സംസ്ഥാന ബജറ്റ്. കാസർകോട്, വയനാട്, ഇടുക്കി എന്നീ പിന്നാക്ക ജില്ലകൾക്കായി പ്രത്യേക വികസന പാക്കേജുകൾക്ക് കീഴിൽ പദ്ധതികൾ നടപ്പാക്കുമെന്ന് മാത്രമാണ് ഒരു പ്രഖ്യാപനം. ഇതിന് തുക വകയിരുത്തിയിട്ടില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും ദുരിത ബാധിതരായ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുമെന്നും പറയുന്നുണ്ടെങ്കിലും ഇതിനും പ്രത്യേക പദ്ധതിയോ തുകയോ വകയിരുത്തിയിട്ടില്ല. ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകൾക്കൊപ്പം കാസർകോട് മെഡിക്കൽ കോളേജും മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് പ്രഖ്യാപനം. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജിന് ഉൾപ്പെടെ എല്ലാംകൂടി വകയിരുത്തിയത് 100 കോടി മാത്രം. ജനുവരി 29ന് അവതരിപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ ജില്ലയുടെ സർവതോന്മുഖമായ വികസനത്തിനുള്ള ഒട്ടനവധി പദ്ധതികളുണ്ട്. കാസർകോട് വികസന പാക്കേജിന് അഞ്ചുകോടി രൂപ അധിക വിഹിതം ഉൾപ്പെടെ 80 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ അനുവദിച്ചത്. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന മേഖലകൾക്കായാണ് ഇൗ തുക വകയിരുത്തിയത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി രൂപയുടെ പാക്കേജ്, സംയോജിത പുനരധിവാസ ഗ്രാമങ്ങൾ എന്ന പദ്ധതിക്ക് 10 കോടി രൂപ, പുതിയ സർക്കാർ നഴ്‌സിങ് കോളേജ്, എയർസ്ട്രിപ്പ് സ്ഥാപിക്കാൻ 1.10 കോടി, ചെറുവത്തൂർ-, നീലേശ്വരം, കാസർകോട്, മഞ്ചേശ്വരം തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് കോടി, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്ത് ജെട്ടി നിർമാണത്തിനായി ഒരു കോടി തുടങ്ങി ജില്ലയുടെ എല്ലാ മേഖലയുടെയും ഉയർച്ച ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് എൽഡിഎഫ് സർക്കാരിന്റെ ബജറ്റിലുള്ളത്.
കാസർകോട് ഗവ. മെഡിക്കൽ കോളേജ് പാഴ്‌വാക്ക് മാത്രം; നടപടിയില്ല
കാസർകോട് കാസർകോട് ഗവ. മെഡിക്കൽ കോളേജിനെ പൂർണ സജ്ജമാക്കുമെന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവന വെറും വാക്ക് മാത്രം. സംസ്ഥാന ബജറ്റിൽ മെഡിക്കൽ കോളേജിന് കാര്യമായ പരിഗണന നൽകിയിട്ടില്ല. ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകൾക്കൊപ്പം കാസർകോട് മെഡിക്കൽ കോളേജും മെച്ചപ്പെടുത്താൻ നടപടിയെടുക്കുമെന്ന് മാത്രമാണ് ബജറ്റ് പ്രഖ്യാപനം. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് നവീകരണം എന്നിവയ്‌ക്ക് ഉൾപ്പെടെ എല്ലാംകൂടി വകയിരുത്തിയത് 100 കോടി മാത്രം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിന്റെ വികസനത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്. കഴിഞ്ഞ വർഷം സെപ്‌തംബറിലാണ് മെഡിക്കൽ കോളേജിൽ എംബിബിഎസ് ക്ലാസ് തുടങ്ങിയത്. 60 സീറ്റുകളോടെയുള്ള നഴ്‌സിങ് കോളേജും ഇവിടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളേജ് കെട്ടിട നിർമാണത്തിനായി കിഫ്‌ബി ഫണ്ടിൽനിന്ന് 160 കോടിയുടെ ഭരണാനുമതി എൽഡിഎഫ് സർക്കാർ നൽകിയിരുന്നു. കഴിഞ്ഞ ബജറ്റിലും മെഡിക്കൽ കോളേജിന് പ്രത്യേക പരിഗണന നൽകി.










0 comments