സി എച്ച് സ്‌ക്വയർ 22ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
കാണാം സി എച്ചിന്റെ പോരാട്ടവഴികൾ

തലശേരി
ഇതിഹാസ സമാനമായ പോരാട്ടങ്ങളിലൂടെ കേരളത്തെചുവപ്പിച്ച ജനനായകൻ സി എച്ച് കണാരന്റ അനശ്വരസ്‌മരണയിൽ ജന്മനാട്ടിൽ സി എച്ച് സ്‌ക്വയർ. കോടിയേരി പുന്നോലിൽ സി എച്ച് അന്ത്യവിശ്രമം കൊള്ളുന്ന സ്‌മൃതിമണ്ഡപം നവീകരിച്ചാണ് സി എച്ച് സ്‌ക്വയറാക്കിയത്. സി എച്ചിന്റെ അർധകായ പ്രതിമയും ചുമർ ശിൽപങ്ങളും ഇന്റർലോക്ക് പതിച്ച തറയും കൊടിമരവുമായാണ് സി എച്ച് കണാരൻ സ്‌ക്വയർ രൂപകൽപന ചെയ്‌തത്. സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയും അതുല്യ സംഘാടകനുമായ സി എച്ചിന്റെ കാലവും ചരിത്രവും സ്‌പന്ദിക്കുന്നുണ്ട് ഇൗ സ്‌ക്വയറിൽ. തിരുവങ്ങാട് ക്ഷേത്ര പ്രവേശനം ഉൾപ്പെടെ സി എച്ച് നയിച്ച അനേകം പോരാട്ടങ്ങൾ ചുമർ ശിൽപത്തിൽ കാണാം. ബീഡി, മുനിസിപ്പൽ, നെയ്‌ത്ത്, മത്സ്യം... തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ചതടക്കം സി എച്ചിന്റെ ജീവിതത്തിലെ സുപ്രധാന ഏടുകളാണ് ശിൽപത്തിൽ. സി എച്ച് പഠിച്ച ബിഇഎംപി സ്‌കൂളും ദേശീയപ്രസ്ഥാനത്തിന്റെ പ്രതീകമായ ചർക്കയും 17 മീറ്റർ നീളമുള്ള ശിൽപമതിലിൽ ആലേഖനം ചെയ്‌തിരിക്കുന്നു. സി എച്ചിന്റെ പോരാട്ടം ചിത്രീകരിച്ച ശിൽപങ്ങളും ഇവിടെയുണ്ട്. പ്രഭകുമാർ ഒഞ്ചിയമാണ് ശിൽപി. സി എച്ച് സ്‌ക്വയർ നിർമിച്ചത് സംഭാവന ചെയ്‌ത ഭൂമിയിൽ സി എച്ച് കണാരന്റെ മരുമകളുടെ മകളും പാനൂർ സബ്‌രജിസ്‌ട്രാറുമായ എരഞ്ഞോളി പെരുന്താറ്റിലെ സി പി ശാഖ സിപിഐ എമ്മിന് സംഭാവന ചെയ്‌ത നാലര സെന്റ് സ്ഥലത്താണ് സി എച്ച് സ്‌ക്വയർ നിർമിച്ചത്. സിപിഐ എം എരഞ്ഞോളി ലോക്കൽ കമ്മിറ്റി അംഗം സി വി സൂരജിന്റെ ജീവിതപങ്കാളിയായ ശാഖ 2012 ഒക്‌ടോബർ 20നാണ് സ്ഥലത്തിന്റെ രേഖ പിണറായിവിജയന് കൈമാറിയത്. 22ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ സി എച്ച് സ്‌ക്വയർ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനസെക്രട്ടറിയറ്റംഗം എം വി ജയരാജൻ, ജില്ലാസെക്രട്ടറി കെ കെ രാഗേഷ് തുടങ്ങിയവർ പങ്കെടുക്കും. സിപിഐ എം ഏരിയാസെക്രട്ടറി സി കെ രമേശൻ ചെയർമാനും ലോക്കൽ സെക്രട്ടറി എ ശശി കൺവീനറുമായ സംഘാടകസമിതിയാണ് ഉദ്‌ഘാടനത്തിന് ചുക്കാൻ പിടിക്കുന്നത്.









0 comments