ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത പാർടിയായി ബിജെപി മാറി: ഇ പി ജയരാജൻ

കരിന്തളം
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാത്ത പാർട്ടിയായി ബിജെപി മാറിയിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. സിപിഐ എം നേതാവായിരുന്ന കെ ചിണ്ടേട്ടന്റെ 25ാം ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മറ്റി കാലിച്ചാമരത്ത് നടത്തിയ അനുസ്മരണ പൊതുയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനോ അംഗങ്ങൾക്കോ പാർലമെന്റിൽ സംസാരിക്കാൻപോലും അവസരം നിഷേധിക്കുന്നു. ഇതിന് സ്പീക്കർപോലും കൂട്ടുനിൽക്കുന്നു. ഇതു മൂലം ജനങ്ങളുടെയും രാജ്യത്തിന്റെയും പ്രശ്നം പാർലമെന്റിൽ അവതരിപ്പിക്കാൻ കഴിയുന്നില്ല. കർഷകർ ഉൽപ്പാദിപ്പിക്കുന വിളകൾക്ക് ന്യായവില ലഭിക്കുന്നില്ല. കോർപ്പറേറ്റുകളാണ് വില നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കയനി മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം വി വി രമേശൻ, ജില്ലാ കമ്മിറ്റിയംഗം വി കെ രാജൻ, ഏരിയാ സെക്രട്ടറി എം രാജൻ, കെ പി നാരായണൻ, പാറക്കോൽ രാജൻ, കെ ലക്ഷ്മണൻ, ടി പി ശാന്ത, എം വി രതീഷ്, വി കെ നാരായണൻ എന്നിവർ സംസാരിച്ചു. കയനി മോഹനൻ പതാക ഉയർത്തി. വി കെ രാജൻ സ്മാരക സ്തൂപത്തിൽ പുഷ്പ ചക്രമർപ്പിച്ചു. ലോക്കൽ സെക്രട്ടറി വരയിൽ രാജൻ സ്വാഗതം പറഞ്ഞു. കോയിത്തട്ട കേന്ദ്രീകരിച്ച് പ്രകടനം നടന്നു.










0 comments