ജീവിതം കോരിയെടുത്തു; ഇവർ കയ്യൂരിലെ ധീരർ

കയ്യൂർ
മരണച്ചുഴിയിൽപ്പെട്ട് പിടഞ്ഞ പെൺകുട്ടിയെ മറുകരയിൽനിന്നെത്തി ജീവൻ പണയംവച്ച് രക്ഷിച്ച യുവാക്കളെ അഭിനന്ദിക്കുകയാണ് കയ്യൂർ, കണിയാട, കിനാനൂർ ഗ്രാമങ്ങൾ. ചൊവ്വ വൈകിട്ട് ആറോടെ അരയാക്കടവ് പാലത്തിൽനിന്നും കാര്യങ്കോട്ട് (തേജസ്വിനി) പുഴയിലേക്ക് എടുത്തുചാടിയ വിദ്യാർഥിനിയെയാണ് സമയോജിത ഇടപെടലിന്റെ ഭാഗമായി കയ്യൂരിലെ യുവാക്കളായ അഭിനവ്, ഷിധിൻ, അദ്വൈത് എന്നിവർ രക്ഷിച്ചത്. വൈകിട്ട് അഞ്ചോടെ മൂവരും അരയാക്കടവിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു. ആറോടെ സ്‌കൂൾ യൂണിഫോം ധരിച്ച വിദ്യാർഥിനി പാലത്തിന്റെ മറുകരയിലൂടെ നടന്നുവരുന്നത് ഇവർ കണ്ടിരുന്നു. ഉടൻ ബാഗ് പുഴയിലേക്കെറിഞ്ഞ് വിദ്യാർഥിനി പുഴയിലേക്ക് ചാടുന്നതാണ് കണ്ടത്. പിന്നീട് ഒന്നും ആലോചിച്ചില്ല. തൊട്ടടുത്ത കടവിൽ കെട്ടിയിട്ട തോണിയെടുത്ത് ചാടിയ ഭാഗത്തേക്ക് തുഴയുകയും ചെയ്‌തു. നല്ല അടിയൊഴുക്കും കൂടുതൽ വെള്ളവും ഉള്ള സ്ഥലമായിരുന്നു അത്. പക്ഷെ യുവാക്കൾ ഉടൻ അവിടേക്ക് എത്തിയതിനാൽ ചുഴയിൽപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി തോണിയിൽ കയറ്റി. തോണി തുഴഞ്ഞ് കടവിലെത്തിച്ച ഉടനെ വാഹനത്തിൽ കയ്യൂർ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ആശുപത്രിയിൽനിന്നും അടിയന്തര ശുശ്രൂഷ നൽകുകയും ചെയ്‌തതിനാൽ ജീവൻ തിരിച്ച് കിട്ടുകയായിരുന്നു. സ്‌കൂൾ ബാഗ് പരിശോധിച്ചതിൽനിന്നാണ് വീട്ടുകാരുടെ ഫോൺ നമ്പർ ലഭിച്ചത്. ഉടൻ രക്ഷിതാക്കളെ വിവരമറിച്ചു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് യുവാക്കൾ.








0 comments