മടക്കര തുറമുഖം വികസനത്തിന് നടപടി: മന്ത്രി സജി ചെറിയാൻ

ചെറുവത്തൂർ മടക്കര മീൻപിടുത്ത തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഊർജിതമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ഫിഷറീസ് മന്ത്രി സജിചെറിയാന്‍ നിയമസഭയിൽ പറഞ്ഞു. സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി എം രാജഗോപാലൻ എംഎൽഎ ഉന്നയിച്ച സബ്‌ഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനായി പദ്ധതി രൂപരേഖ തയ്യാറാക്കി സാഗർ പരിക്രം യാത്രയുടെ ഭാഗമായി കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി തുറമുഖം സന്ദർശിച്ചപ്പോൾ നേരിട്ട് സമർപ്പിച്ചിരുന്നു. 40.41 കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖ സംസ്ഥാനതല സമിതി അംഗീകരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള അനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. വിശദാംശങ്ങൾ സംസ്ഥാന സർക്കാർ സമർപ്പിച്ചുവെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ധനസഹായം ലഭിക്കുന്നതിനുമായി 43 കോടിയുടെ പദ്ധതി തയ്യാറാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകി. തുടർന്ന് ബംഗളൂരു ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ആൻഡ് ഫിഷറീസ്(സിഐസിഇഎഫ്) സാങ്കേതിക പരിശോധന നടത്തിയിരുന്നു. ഇവർ പദ്ധതി സംബന്ധിച്ച് ആവശ്യപ്പെട്ട അധിക വിശദാംശങ്ങളും ഇതിനകം കൈമാറിയിട്ടുണ്ട്. വിശദമായ പദ്ധതി രൂപരേഖ തുറമുഖ എൻജിനിയറിങ് വകുപ്പ് തയ്യാറാക്കുന്നുണ്ട്. പദ്ധതി രൂപരേഖ അന്തിമമാക്കി ഉടൻ എഫ്‌ഐഡിഎഫ് പോർട്ടലിൽ സമർപ്പിക്കും. പലിശ സഹിതം പൂർണമായും തിരിച്ചടക്കേണ്ട വായ്പ പദ്ധതി ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുകയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.










0 comments