ഗുഡ്സ് ഷെഡ്ഡിന് മേൽക്കൂര ഇല്ല ദുരിതംപേറി തൊഴിലാളികളും റെയിൽ യാത്രക്കാരും

നീലേശ്വരം നീലേശ്വരം എഫ്സിഐയുടെ ഗുഡ്സ് ഷെഡിന് മേൽക്കൂര ഇല്ലാത്തതിനാൽ മഴക്കാലമായതോടെ റേഷൻ സാധനങ്ങളുടെ കയറ്റിറക്ക് ദുഷ്കരമാകുന്നു. വാഗണുകളിൽനിന്ന് ലോറികളിലേക്ക് ലോഡിറക്കുന്ന സമയത്ത് മഴവന്നാൽ അരിയും ധാധ്യങ്ങളും വെള്ളത്തിൽ കുതിരുകയാണ്. ഇത് ഗോഡൗണിനകത്ത് അട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞാണ് വിതരണത്തിനെടുക്കുന്നത്. ഇതുമൂലം നനഞ്ഞ ചാക്കുകളിലെ ധാന്യങ്ങൾ ഉപയോഗശൂന്യമാവുന്നത് പതിവായിരിക്കുകയാണ്. ഇതിനിടയിൽ ചാക്കിൽനിന്ന് ഉതിർന്നുവീഴുന്ന ധാന്യങ്ങൾ വെള്ളത്തിൽ കുതിർന്ന് ദുർഗന്ധം ഉണ്ടാവുകയും കരാറുകാരന് നഷ്ടമുണ്ടാക്കുകയുംചെയ്യുന്നു. തൊട്ടടുത്തുതന്നെ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോം ഉള്ളതിനാൽ ദുർഗന്ധത്തിന്റെ ദുരിതമനുഭവിക്കേണ്ടി വരുന്നത് സ്റ്റേഷനിലെ യാത്രക്കാരാണ്. ഇവിടെ മഴവെള്ളം തളംകെട്ടിക്കിടക്കാനും ഇടയാകുന്നുണ്ട്. ഉതിർന്നുവീണ ധാന്യമണികൾ കുതിർന്ന ചെളിവെള്ളത്തിൽ ചവിട്ടുന്ന തൊഴിലാളികൾക്ക് ചൊറിച്ചിൽ ഉൾപ്പെടെ ഉണ്ടാക്കുന്നു. കാട് വെട്ടിത്തെളിച്ച് വിശാലമായ പാർക്കിങ് ഏരിയകൾ നിർമിച്ച് നടത്തിപ്പ് ലേലത്തിനു നൽകി വൻതുക വരുമാനം ഉണ്ടാക്കുമ്പോഴും റെയിൽവേയിലേക്ക് കോടികൾ വരുമാനം നൽകുന്ന എഫ്സിഐയോട് റെയിൽവേ മോശം സമീപനമാണ് പുലർത്തുന്നത്. ഗുഡ്സ് ഷെഡിന് മേൽക്കൂര ഇല്ലാത്തതിനാൽ കയറ്റിറക്കിനിടയിൽ ധാന്യങ്ങൾ മഴയിൽ കുതിർന്ന് പൂപ്പൽ ഉണ്ടാക്കുന്നു. കൂടുതൽ വാഗണുകൾ വരുമ്പോൾ സ്ഥലപരിമിതിമൂലം ഇറക്കാൻകഴിയാതെവന്നാൽ കരാറുകാരന് ഡാമറേജിനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുന്നത്. കേരളത്തിലെ മറ്റെല്ലാ ഗുഡ്സ് ഷെഡുകളിലും മേൽക്കൂരയും തറയും ഉണ്ടെങ്കിലും നീലേശ്വരത്തോടുമാത്രമാണ് റെയിൽവേയുടെ അവഗണന. ഗുഡ്സ് ഷെഡിന് മേൽക്കൂര പണിയണമെന്നും റോഡ് ടാർ ചെയ്യണമെന്നും വർഷങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും ഇതുവരെയും റെയിൽവേ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.











0 comments