ad
Deshabhimani

മതമതിലുകൾ തകർത്ത് 
മാണിച്ചിയുടെ ബാങ്കുവിളി

മടിക്കൈ മുണ്ടോട്ട് താഴത്ത് വീട് കോമറായ ദേവസ്ഥാനത്ത് കെട്ടിയാടിയ ബപ്പിരിയനും മാണിച്ചിയും
വെബ് ഡെസ്ക്

Published on Dec 08, 2025, 03:00 AM | 1 min read

മടിക്കൈ

മതത്തിന്റെ പേരിൽ മനുഷ്യനെ മതിൽകെട്ടി പുറന്തള്ളുന്ന പുതിയ കാലത്തിനുനേരെ ചോദ്യങ്ങളുടെ ചാട്ടുളിയായി ഐതിഹ്യപ്പെരുമയോടെ ബപ്പിരിയൻ, മാണിച്ചി തെയ്യങ്ങൾ. മാണിച്ചിയുടെ ബാങ്ക് വിളി സാഹോദര്യത്തിന്റെ അലയായി കൂടിനിന്നവരുടെ മനസുകളിലേക്കെത്തി. മുണ്ടോട്ട് താഴത്ത് വീട് കോമറായ ദേവസ്ഥാനത്ത്‌ മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന കളിയാട്ടത്തോടനുബന്ധിച്ചാണ്‌ മതമൈത്രിയുടെ പ്രതീകമായി ബപ്പിരിയനും മാണിച്ചിയുമെത്തിയത്‌. ഉമ്മച്ചി തെയ്യം, ആലി ചാമുണ്ഡി, മുക്രി പോക്കർ എന്നിങ്ങനെയുള്ള നിരവധി തെയ്യക്കോലങ്ങൾക്കിടയിലെ കൗതുകമാണ് ബപ്പിരിയനും മാണിച്ചിയും. നലിക്കത്തായ വിഭാഗത്തിൽപ്പെട്ടവരാണ് കോലങ്ങൾ കെട്ടുന്നത്. ബാങ്ക് കൊടുക്കാൻ സമയമായെന്ന് മാണിച്ചി മുസ്ലീമായ ബപ്പിരിയനോട് പറയുമ്പോൾ സമയം തെറ്റിയല്ലോ വേണമെങ്കിൽ നീതന്നെ ബാങ്കുവിളിച്ചോളാൻ ബപ്പിരിയൻ പറയുന്നു. ഇതോടെ സ്ത്രീ വേഷമണിഞ്ഞ മാണിച്ചി ബാങ്ക് വിളിക്കുന്നു. ബാങ്ക് വിളിച്ച് നിസ്കരിച്ച് മാണിച്ചി മതമൈത്രിയുടെ പര്യായമാവുന്നു. പ്രാദേശികമായ വ്യത്യാസങ്ങളോടെ ഉത്തര മലബാറിലെ അപൂർവം സ്ഥലങ്ങളിൽ മാത്രമെ ബപ്പിരിയനും മാണിച്ചിയും കെട്ടിയിടാറുള്ളു. ആര്യപൂങ്കന്നിയുടെ കപ്പിത്താനാണ് മുസ്ലീമായ ബപ്പിരിയൻ എന്നാണ് വിശ്വാസം. മലനാട്ടിലേക്ക് മരക്കലത്തിൽ (കപ്പൽ) കയറി വന്ന തെയ്യങ്ങളാണിവയെന്നാണ്‌ ഐതീഹ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home