നഗരസഭാ ബഡ്‌സ് സ്‌കൂളിൽ ഉച്ചഭക്ഷണം പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Jul 17, 2025, 02:00 AM | 1 min read
കാസർകോട്
നഗരസഭയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി ആരംഭിച്ച ബഡ്‌സ് സ്‌കൂളിൽ ഉച്ചഭക്ഷണം മുടങ്ങി. നഗരസഭയുടെ ഫണ്ടുപയോഗിച്ചാണ് ഇതുവരെയും ഭക്ഷണം പാകംചെയ്‌ത് നൽകിയിരുന്നത്. സപ്ലൈകോയിൽ വൻ തുക കുടിശ്ശിക വരുത്തിയതോടെ സാധനങ്ങൾ നൽകാൻ തയ്യാറാകാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. പത്തുവർഷത്തിലേറെയായി കുടുംബശ്രീ വനിതാഭവൻ ഹാളിന് സമീപത്തെ താൽകാലിക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഭക്ഷ്യസാധനങ്ങൾ കിട്ടാതായതോടെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ നഗരസഭാ അധികാരികൾ നടപടിയെടുക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ബുധനാഴ്‌ച ഉച്ചഭക്ഷണം കരുതണമെന്ന അറിയിപ്പ് ചൊവ്വ വൈകിട്ട് രക്ഷിതാക്കളുൾപ്പെടെയുള്ള വാട്‌സ്‌ആപ് ഗ്രൂപ്പിൽ നൽകേണ്ട ഗതികേടിലായി ബഡ്‌സിന്റെ നടത്തിപ്പുകാർ. കുടുംബശ്രീ മെമ്പർ സെക്രട്ടറിക്കാണ് സ്‌കൂളിന്റെ ചുമതലയുള്ളത്. ഇദ്ദേഹം സ്‌കൂളിന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാറില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നു. 47 വിദ്യാർഥികളാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്. സ്ഥിരമായി 25 പേരെങ്കിലും എത്തുമെന്നിരിക്കെ ഇവരെ ശ്രദ്ധിക്കാൻപോലും ബുദ്ധിമുട്ടുന്നതിനിടെയാണ് ഭക്ഷണത്തിനുള്ള സാധനങ്ങളെത്തിക്കാൻ പാടുപെടുന്നത്. സ്‌കൂളിന് ഉച്ചഭക്ഷണത്തിനായി നഗരസഭ ഫണ്ട് വകയിരുത്താറുണ്ടെങ്കിലും യഥാസമയം കൈമാറി നൽകാത്തത് സപ്ലൈകോയെയും പ്രതിസന്ധിയിലാക്കുന്നു. കുട്ടികളുടെ ഭക്ഷണം മുടങ്ങാതിരിക്കാൻ ഏതാനും ദിവസത്തേക്കുള്ള സാധനങ്ങൾ വ്യാഴം രാവിലെ നൽകാമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാലും പണം നൽകാതെ എത്രനാൾ സാധനം നൽകുമെന്നത് രക്ഷിതാക്കളിൽ ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്.










0 comments