ദൃശ്യവിരുന്നായി സാംസ്കാരികോത്സവം

ഉദുമ
അറുപതിലധികം കലാകാരന്മാരുടെ സംഘം രണ്ടു ദിവസങ്ങളിലായി അരവത്തെ നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിന്റെ ആംഫി തിയേറ്ററിൽ ഒരുക്കിയ കലാവിരുന്ന് നാടിന് അപൂർവ അനുഭവമായി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂരും നാട്യരത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഹിമാചൽ പ്രദേശ്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ഗദ്ദി നൃത്തം, പുരുലിയ ചൗ, വീരഗാസെ, ഡൊല്ലു കുനിത തുടങ്ങിയവ അരങ്ങേറി. ‘കലയും കാല്പനികതയും’ എന്ന സെമിനാർ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന ഉദ്ഘാടനംചെയ്തു. ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ അധ്യക്ഷനായി. നന്ദകുമാർ അരവത്ത് ' മുഖ്യാതിഥിയായി. ഫോക് തിയേറ്റർ ആർടിസ്റ്റ് ഉദയൻ കുണ്ടംകുഴി, തെയ്യം മുഖത്തെഴുത്ത് കലാകാരൻ ബാബു പനയാല്‍, തിടമ്പുനൃത്തം പോപ്പുലർ അവാർഡ് ജേതാവ് ഉപേന്ദ്ര അഗ്ഗിത്തായ, ക്ഷേത്ര നിർമാണ വിദഗ്ധൻ ശശി കുതിരക്കോട്, ആകാശ് കണ്ണൻ എന്നിവരെ ആദരിച്ചു. ഡോ. പി കെ ജയരാജൻ സ്വാഗതവും ഉദയഭാനു നന്ദിയും പറഞ്ഞു.









0 comments