ad
Deshabhimani

കാഞ്ഞങ്ങാട് നഗരസഭയുടെ ‘ഗ്രീൻ മാജിക്' ചെമ്മട്ടംവയൽ ട്രഞ്ചിങ്‌ ഗ്രൗണ്ട് ഹരിതവനമായി

ചെമ്മട്ടം വയൽ ട്രഞ്ചിങ്‌ ഗ്ര‍ൗണ്ടിലെ ഹരിത കവാടം
വെബ് ഡെസ്ക്

Published on May 17, 2026, 03:00 AM | 2 min read

കാഞ്ഞങ്ങാട്‌ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന, ദുർഗന്ധവും പുകയും കൊണ്ട് ജനങ്ങൾ തിരിഞ്ഞുനോക്കാൻ മടിച്ചിരുന്ന നഗരസഭയുടെ ചെമ്മട്ടംവയൽ ട്രഞ്ചിങ്‌ ഗ്രൗണ്ടിപ്പോൾ പച്ചപ്പുനിറഞ്ഞ ഹരിതവനമായി. നഗരസഭയുടെ കൃത്യമായ ഇടപെടലുകളിലൂടെയും ശാസ്ത്രീയ മാലിന്യസംസ്കരണ പദ്ധതികളിലൂടെയുമാണ് പ്രദേശം ഹരിതഭംഗി കൈവരിച്ചത്‌. വർഷങ്ങളായി കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പൂർണമായും ബയോമൈനിങ്‌ വഴി നീക്കംചെയ്തതിന് ശേഷമാണ് പ്രദേശം മനോഹരമായ ഒരുവനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. മിയാവാക്കി മാതൃകയിലും അല്ലാതെയും നൂറുകണക്കിന് തദ്ദേശീയമായ വൃക്ഷത്തൈകളാണ് വച്ചുപിടിപ്പിച്ചത്. ഫലവൃക്ഷങ്ങളും തണൽമരങ്ങളും ഔഷധസസ്യങ്ങളും ഇന്ന് പ്രദേശത്തെ ഒരുകാടായി മാറ്റി.നഗരസഭ ഭരണസമിതിയുടെ സജീവ ഇടപെടലും ശാസ്ത്രീയമായ മാലിന്യസംസ്‌കരണ രീതികളും എകോപിപ്പിച്ചാണ്‌ ഇവിടിമിപ്പോൾ ഹരിതമനോഹര തീരമായത്‌. ​2017ന് മുന്പുവരെ അജൈവ മാലിന്യങ്ങൾ തള്ളിയ ആറേക്കർ വിസ്തൃതിയുള്ള ഇടമായിരുന്നു ദേശീയപാതയോരത്തെ ചെമ്മട്ടംവയൽ ട്രഞ്ചിങ്‌ ഗ്ര‍ൗണ്ട്‌. അക്കാലത്ത് കുഴികളെടുത്ത് മാലിന്യം മൂടുകയും അവ കത്തിക്കുകയും ചെയ്യുന്ന രീതിയായിരുന്നു. മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന വിഷപ്പുകയും ഒലിച്ചിറങ്ങുന്ന മലിനജലവും കാരണം പ്രദേശവാസികളിൽ പലരും വീടുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാറാൻ നിർബന്ധിതരായി. യുഡിഎഫിന്റെ ഭരണക്കുത്തക തകർത്ത്‌ എൽഡിഎഫിലെ വി വി രമേശൻ നഗരസഭാ ചെയർമാനായപ്പോഴാണ്‌ ഇതിന്‌ പരിഹാരം കാണാനുള്ളനടപടിയാരംഭിച്ചത്‌. ഹരിതകേരളം മിഷന്റെ ഏകോപനത്തോടെയായിരുന്നു പരിഹാര പ്രവർത്തനം. മെഹബൂബ ഗ്രീൻസൊല്യൂഷൻസ്, ക്ലീൻ കേരള കമ്പനി തുടങ്ങിയ ഹരിത സഹായ സ്ഥാപനങ്ങളുടെ സഹകരണം അനുഗ്രഹമായി. വീടുകളിലും പൊതുസ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതാണ് ഇതിൽ ആദ്യപടി. തുടർന്ന് ട്രഞ്ചിങ്‌ ഗ്രൗണ്ടിൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സ്ഥാപിച്ച് ഷ്രെഡിങ്‌, ബെയിലിങ്‌ തുടങ്ങിയ ശാസ്ത്രീയ സംസ്‌കരണ രീതികൾ നടപ്പിലാക്കി. ഹരിതകർമസേനയുടെ ഓഫീസും അനുബന്ധ സൗകര്യങ്ങളും നവീകരിച്ച് ആകർഷകമാക്കി മാറ്റി. കെ വി സുജാത ചെയർപേഴ്‌സനായപ്പോൾ ബംഗളൂരു ആസ്ഥാനമായുള്ള ഗ്രീൻസ് കമ്പനിയുമായി കരാറിലേർപ്പെട്ടാണ് കുഴിച്ചിട്ട പഴയ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്തത്. ശുചിത്വമിഷൻ ഫണ്ട് ഉപയോഗപ്പെടുത്തി മണ്ണിൽ കലർന്ന മാലിന്യങ്ങൾ വേർതിരിച്ച് മാറ്റുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഇത്തരത്തിൽ വീണ്ടെടുത്ത ഭൂമിയിൽ ഇപ്പോൾ പൂന്തോട്ടം നിർമിക്കുകയാണ്‌. നട്ടമരങ്ങളെ കൃത്യതയോടെ പരിപാലിച്ച്‌ വളർത്തിയെടുത്ത എൽഡിഎഫ്‌ ഭരണസമിതികളുടെ മികവിൽ ട്രഞ്ചിങ്‌ ഗ്ര‍ൗണ്ടിപ്പോൾ ശാസ്‌ത്രീയ സംവിധാനങ്ങളോടെ പ്രകൃതി സ‍ൗഹാർദ കേന്ദ്രമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home