ad
Deshabhimani

പുരോഗമിക്കുന്നത്‌ 753.18 കോടിയുടെ പദ്ധതികൾ കാസർകോട്‌ വൈദ്യുതി വിതരണ ശൃംഖല സ്‌മാർട്ടാവുന്നു

കാസർകോട്‌ വൈദ്യുതി വിതരണ ശൃംഖല സ്‌മാർട്ടാവുന്നു
avatar
പി പി സതീഷ്‌ കുമാർ

Published on Jan 22, 2026, 03:01 AM | 2 min read

കാസർകോട്‌ വൈദ്യുതി വിതരണ ശൃംഖല സ്‌മാർട്ടാക്കാൻ ജില്ലയിൽ നടപ്പാവുന്നത്‌ 753.18 കോടിയുടെ പദ്ധതികൾ. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ദ്യുതി’ സ്‌പെഷൽ പാക്കേജിൽ മാത്രം 394.15 കോടിയുടെ പദ്ധതികളുണ്ട്‌. ദ്യുതി പദ്ധതി പ്രകാരം 368.8 കോടിയുടെയും കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആഡിഎസ്‌എസ്‌ പ്രകാരം 90.95 കോടിയുടെ പ്രവൃത്തികൾ വേറെയുമുണ്ട്‌. പ്രസരണ മേഖലയിലെ പരിമിതികൾ കൂടി പരിഹരിക്കാനായാൽ ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ പൂർണ പരിഹാരമാകും. ദ്യുതി സ്‌പെഷൽ പാക്കേജിൽ 172 .06 കിലോമീറ്ററിൽ അലൂമിനിയം കന്പികൾക്ക്‌ പകരമായി ഏരിയൽ ബെഞ്ച്‌ഡ്‌ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി അതിവേഗം നടപ്പാവുകയാണ്‌. 115. 26 കിലോമീറ്ററിൽ പാക്കേജിലൂടെ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നുണ്ട്‌. കാസർകോട്‌, കാഞ്ഞങ്ങാട്‌ നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ്‌ ഭൂഗർഭ കേബിളുകൾ. തടസവും അപകടവുമില്ലാത്ത വൈദ്യുതി ഉറപ്പാക്കുകയാണ്‌ ഭൂഗർഭ കേബിളുകൾ. 90.87 കിലോമീറ്ററിൽ ആവരണമുള്ള ബെയർ കണ്ടക്ടറും രണ്ട്‌ കിലോമീറ്ററിൽ പിവിസി ആവരണമുള്ള കവേർഡ്‌ കണ്ടക്ടർ ലൈനുകളും സ്ഥാപിച്ചു. 2024– 25 വർഷം അനുവദിച്ച 144.96 കോടിയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്‌ത്‌ തുടർ നടപടികൾ നടന്നുവരികയാണ്‌. 25– 26 സാന്പത്തിക വർഷം 147.31 കോടിയുടെയും അടുത്ത സാന്പത്തികവർഷം 101.88 കോടിയുടെയും പ്രവൃത്തി നടപ്പാക്കും. കാലപ്പഴക്കമുള്ള അലുമിനിയം കന്പികളിലുടെയുള്ള വിതരണശൃംഖലയിൽ പതിവായിരുന്ന പ്രസരണ നഷ്‌ടവും അപകടങ്ങളും വൈദ്യുതി തടസവും നല്ലൊരു പങ്ക്‌ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. പഴക്കമേറിയ സിമന്റ്‌ തൂണുകളും ഇതിനൊപ്പം മാറ്റി. ഭാരമേറിയ കേബിളുകൾ താങ്ങിനിർത്തുന്നതിന്‌ അകലം ക്രമീകരിച്ച്‌ പുതിയ അധികം തൂ‍ണുകളും സ്ഥാപിക്കുന്നുണ്ട്‌. മ‍ൂന്ന്‌ വീതം 160 കെ വി, 63 കെ വി ട്രാൻസ്‌ഫോർമറുകളും 25 കെ വിയുടെ 29 ട്രാൻസ്‌ഫോർമറുകളും സ്ഥാപിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ദ്യുതി പദ്ധതിയിൽ പുരോഗമിക്കുന്നത്‌ 368.8 കോടിയുടെ പദ്ധതികളാണ്‌. കഴിഞ്ഞ വർഷം 170.99 കോടിയുടെ പദ്ധതികൾ നടപ്പാക്കി. 106.16 കോടിയുടെ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലാണ്‌. അടുത്ത സാന്പത്തിക വർഷം 91.65 കോടിയുടെ പുതിയ പ്രവൃത്തികളും ഏറ്റെടുക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ റീവാംപ്‌ഡ്‌ ഡിസ്‌ട്രിക്ട്‌ ഡെവലെപ്‌മെന്റ്‌ സ്‌കീമിൽ 99.95 കോടിയുടെ വിവിധ പ്രവൃത്തികളുണ്ട്‌. മൈലാട്ടി– വിദ്യാനഗർ 110 കെ വി ലൈൻ ഇരട്ടലൈനാക്കുന്ന പ്രവൃത്തി മെയ്‌ മാസത്തിനകം പൂർത്തിയാകും. പ്രവൃത്തിയിൽ വീഴ്‌ച വരുത്തിയ കരാറുകാരെ ഒഴിവാക്കി ട്രാൻസ്‌ ഗ്രിഡിന്‌ നിർമാണ ചുമതല കൈമാറി. ഇവരോട്‌ അതിവേഗം പണി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. വൈദ്യുതി ഉപയോഗം വർധിക്കുന്ന വേനൽക്കാലത്ത്‌ നേരിടാറുള്ള വോൾട്ടേജ്‌ ക്ഷാമം ഉൾപ്പെടെയുള്ളവയ്‌ക്ക്‌ ഇതോടെ പരിഹാരം കാണാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home