കരകാണാക്കാഴ്ചകളുടെ കടലറിവ് മ്യൂസിയം ബേക്കലിൽ

കാസർകോട്
സമുദ്രവിസ്മയങ്ങളുടെ പുത്തൻ കാഴ്ചകളിലേക്ക് സന്ദർശകരെ ക്ഷണിച്ച് ബേക്കലിൽ കമ്യൂണിറ്റി മറൈൻ ജൈവ വൈവിധ്യ മ്യൂസിയം വരുന്നു. ജില്ലയുടെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ മിഴിവ് പകർന്ന് കാസ്രോടൻ സഫാരി എന്ന പേരിൽ യാത്രാ പാക്കേജ് അവതരിപ്പിക്കുന്നതിനൊപ്പം ജില്ലാപഞ്ചായത്ത് ബജറ്റിൽ നിർദേശിച്ച പദ്ധതിയുടെ ഭാഗമായാണ് ബേക്കൽ ഫീഷറീസ് സ്‌കൂളിൽ മ്യൂസിയം ഒരുക്കുന്നത്. സംസ്ഥാന ജൈവ വൈവിധ്യബോർഡിന്റെ നേതൃത്വത്തിൽ ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതിയാണ് സംസ്ഥാനത്ത് ആദ്യമായി കടലറിവ് മ്യൂസിയം ഒരുക്കുന്നത്. ബേക്കൽകോട്ടയുടെ സമീപത്താണ് മ്യൂസിയം സ്ഥാപിക്കുന്നതെന്നതിനാൽ ധാരാളം സഞ്ചാരികളെ ആകർഷിക്കാനാകും. സമുദ്രവുമായി മനുഷ്യരുടെ അതുല്യബന്ധമാണ് മ്യൂസിയം ഉയർത്തിക്കാട്ടുക. സമുദ്രജീവികളുടെ വിവിധ തലമുറകളെയും അവയിലെ മാറ്റങ്ങളും കണ്ടറിയാം. കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, പർവതങ്ങൾ, ഗുഹകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ എന്നിവ പ്രമേയമാക്കി അടിത്തട്ടിൽ ആരും കാണാത്ത അസംഖ്യം പവിഴമേഖലകളുടെയും ജീവജാലങ്ങളുടെയും അറിവുകളുടെയും വലിയൊരു ശേഖരം മ്യൂസിയത്തിലെത്തിക്കും. ഒരുകോടി രൂപയാണ് ആദ്യഘട്ടത്തിൽ ചിലവ് പ്രതീക്ഷിക്കുന്നത്. 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും അഞ്ച് ലക്ഷം രൂപ ഉദുമ പഞ്ചായത്തും ഇത്തവണ ബജറ്റിൽ വകയിരുത്തി. 25 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് വഹിക്കും. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് വഴി 50 ലക്ഷം രൂപ കണ്ടത്തും. സ്കൂളിലെ അഞ്ച് മുറികളുള്ള പഴയ കെട്ടിടമാണ് മ്യൂസിയത്തിനായി ഉപയോഗിക്കുക. ഇതിനെ നവീകരിച്ച് ഭൗതിക സാഹചര്യങ്ങൾ ജില്ലാ പഞ്ചായത്ത് ഒരുക്കും. പഠനം, ഗവേഷണം തുടങ്ങിയവ ഉദുമ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിലും. പരിപാലനം സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിലെ കുട്ടികൾക്ക്. കൂട്ടിന് പരമ്പരാഗത അറിവുകൾ ജില്ലയിലെ പഴക്കമേറിയ മത്സ്യബന്ധന തീരങ്ങളായ തൃക്കണ്ണാട്, - കോട്ടിക്കുളം,- ബേക്കൽ പ്രദേശങ്ങളെിലെ പരമ്പരാഗത കടലറിവുകൾ ഉപയോഗപ്പെടുത്തിയാണ് മ്യൂസിയം ഒരുങ്ങുക. പരമ്പരാഗത നാട്ടറിവുകളും മീൻപിടിത്ത രീതികളും കാത്തുവയ്‌ക്കുകയാണ് ലക്ഷ്യമെന്ന് ജിഎഫ്‌എച്ച്‌എസ്‌എസ് ബേക്കലിലെ ജൈവ വൈവിധ്യ ക്ലബ് കോഡിനേറ്റർ എ കെ ജയപ്രകാശ് പറഞ്ഞു.











0 comments