print edition പിഎസ്‍സിക്കെതിരായ സംഘടിതനീക്കം അവസാനിപ്പിക്കണം: എംപ്ലോയീസ് യൂണിയൻ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്‍സിയുടെ വിശ്വാസ്യത തകർക്കാനുള്ള സംഘടിതനീക്കം അവസാനിപ്പിക്കണമെന്ന് കേരള പിഎസ്‍സി എംപ്ലോയീസ് യൂണിയൻ പറഞ്ഞു. വസ്തുതാവിരുദ്ധമായ വാർത്തകൾ എല്ലാ ദിവസവും പ്രസിദ്ധീകരിക്കുകയാണ് ചില മാധ്യമങ്ങൾ.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയുടെ മൂല്യനിർണയത്തിലുണ്ടായ സാങ്കേതികപ്പിഴവിനെ ബോധപൂർവമായ അട്ടിമറി എന്ന നിലയിലാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടൻ ഇന്റേണൽ വിജിലൻസ് ഓഫീസർക്ക് അന്വേഷണച്ചുമതല നൽകിയിരുന്നു.
പിഎസ്‍സിയിൽ താൽക്കാലികക്കാരെ അനധികൃതമായി നിയമിക്കുന്നു എന്നതാണ് മറ്റൊരു വാർത്ത. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അധിക തസ്തിക ആവശ്യപ്പെട്ടപ്പോൾ സാമ്പത്തികഞെരുക്കം കാരണം സ്ഥിരം തസ്തികകൾ അനുവദിച്ചില്ല.
അന്ന് ഒമ്പതു താൽക്കാലിക ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്കും ഒന്പത് ഡ്രൈവർ തസ്തികകളിലേക്കും ദിവസവേതന അടിസ്ഥാനത്തിൽമാത്രമേ നിയമനം നടത്താവൂ എന്നാണ് അന്നത്തെ സർക്കാർ ഉത്തരവ്.
നിയമനത്തിനുള്ള അനുമതി എല്ലാ വർഷവും സർക്കാർ പുതുക്കിനൽകുന്നുമുണ്ട്. സഹകരണനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പിഎസ്‍സി ക്രഡിറ്റ് സൊസൈറ്റി, കാന്റീൻ സൊസൈറ്റി എന്നിവയിൽ ബന്ധുനിയമനം എന്നാണ് മറ്റൊരു വാർത്ത. ഇവിടങ്ങളിലെ ഭരണസമിതിയാണ് സൊസൈറ്റികളിൽ താൽക്കാലിക നിയമനം നടത്തുന്നത്.
കാന്റീനിലെ പാചകത്തൊഴിലാളിമുതൽ സപ്ലെയർവരെയുള്ളവർ ദിവസവേതനക്കാരാണ്. അത്തരം നിയമനങ്ങളെ മുൻനിർത്തി പിഎസ്‍സിയിൽ ബന്ധുനിയമനം എന്ന വാർത്ത കൊടുക്കുന്നത് ദുരുദ്ദേശ്യപരമാണ്.
കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി ദുർബലമാക്കുകയും പൊതുസമൂഹത്തിനുമുന്നിൽ സംശയനിഴലിൽ നിർത്തുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നും യൂണിയൻ പറഞ്ഞു.











0 comments