ചിന്നപ്പൊടിയനെ ചേർത്തണച്ചു; പെരിയ സ്‌നേഹത്തണലിലേക്ക്

കാർത്തികപ്പള്ളി
അവശതയും അനാഥത്വവും ഓർമക്കുറവുമായി തെരുവിൽ അലഞ്ഞ വയോധികനെ പരിചരിച്ച് സ്‌നേഹത്തണലൊരുക്കി ഡിവൈഎഫ്‌ഐ പ്രവർത്തകർ. കാർത്തികപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിലെ വൃത്തിഹീനമായ വീട്ടിൽ താമസിച്ചിരുന്ന ചിന്നപ്പൊടിയനെ കുളിപ്പിച്ച് പുത്തൻ വസ്‌ത്രങ്ങളണിയിച്ച് ഭക്ഷണവും നൽകിയാണ് യുവാക്കൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ബന്ധുക്കളില്ലാതെ ഒറ്റപ്പെടലിന്റെയും അവഗണനയുടെയും നടുവിൽ ദയനീയമായിരുന്നു ചിന്നപ്പൊടിയന്റെ ജീവിതം. വഴിതെറ്റി കവലയില്‍ അലഞ്ഞുതിരിയുന്നത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഗോകുൽ ജി നാഥ് മേഖലാ സെക്രട്ടറി മൃദുൽ കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ റോഷൻ, പഞ്ചായത്തംഗം എസ് വിനീത് എന്നിവർ ചേര്‍ന്ന് വീട്ടിലെത്തിച്ചു. വീട്ടിൽ താമസിക്കാൻ കഴിയാത്ത ശോചനീയവസ്ഥ മനസിലാക്കിയ പ്രവര്‍ത്തകര്‍ ചിന്നപ്പൊടിയനെ പരിചരിച്ച് മുതുകുളത്തെ ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു. ഗാന്ധിഭവൻ പുതിയമന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ മന്ത്രി രമേശ് ചെന്നിത്തല, ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ, യൂത്ത് കോൺഗ്രസ് നേതാവ് അഭിരാമി എന്നിവരുടെ സാന്നിധ്യത്തിൽ ജീവനക്കാര്‍ ഗാന്ധിഭവനിലെ ആദ്യ അന്തേവാസിയായി ചിന്നപ്പൊടിയനെ സ്വീകരിച്ചു.










0 comments