print edition സ്വാമി തന്മയ അന്തരിച്ചു

വർക്കല: നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ (73) അന്തരിച്ചു. തിങ്കൾ പകൽ രണ്ടിനാണ് മരണം. പൊതുദർശനം ചൊവ്വ 12 മുതൽ മൂന്നുവരെ വർക്കല നാരായണ ഗുരുകുലത്തിൽ. തുടർന്ന് 3.30ന് സംസ്‌കാരച്ചടങ്ങുകൾ നടക്കും. ഗുരുപരമ്പരയിൽ അഞ്ചാമനായിരുന്നു.
1953ൽ തിരുവനന്തപുരം വർക്കല അകത്തുമുറിയിൽ കൊടിയിൽ വീട്ടിൽ രാമകൃഷ്ണന്റെയും പത്മത്തിന്റെയും മകനായി ജനിച്ചു. ആർ തമ്പാൻ എന്നാണ് പൂർവാശ്രമത്തിലെ പേര്. 1980ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് ബിരുദം നേടിയ സ്വാമി, 1984 – -85ൽ കോട്ടയത്ത് മെഡിക്കൽ ഗവേഷണം നടത്തുന്നതിനിടെയാണ് ഗുരു നിത്യചൈതന്യയതിയെ കണ്ടുമുട്ടിയത്.
1986ൽ ഊട്ടി ഫേൺഹില്ലിൽ വച്ച് നിത്യചൈതന്യയതിയുടെ ശിഷ്യത്വം സ്വീകരിച്ചു. യതിയിൽനിന്നുതന്നെ ബ്രഹ്മചാരി ദീക്ഷയും സ്വീകരിച്ചു. 2002 ജനുവരി ഒന്നിന് ഗുരു മുനിനാരായണ പ്രസാദിൽനിന്ന് സന്യാസം സ്വീകരിച്ച്, സ്വാമി തന്മയ ആയി. ലണ്ടനിലെ ശ്രീനാരായണ മിഷനിൽ ദാർശനിക പഠന പരിപാടികൾ നടത്തിയിട്ടുണ്ട്. പാശ്ചാത്യ ചിന്തകനായ സ്‌പിനോസയുടെയും നാരായണ ഗുരുവിന്റെയും ദർശനങ്ങൾ തമ്മിലുള്ള താരതമ്യ പഠനം ഗുരുകുലം മാസികയിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ചു വരികയായിരുന്നു.











0 comments