print edition ജാതിവെറിയിൽ പൊള്ളി; നീതി കാത്ത് ഗവേഷകവിദ്യാർഥി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംഘപരിവാർ അധ്യാപികയുടെ ജാതിവെറിയിൽ പൊള്ളി ഡോക്ടറേറ്റെന്ന സ്വപ്‌നം അകന്നുപോയ ഗവേഷകവിദ്യാർഥി വിപിൻ വിജയൻ ഒൻപതുമാസമായി നീതി കാത്തുനിൽക്കുന്നു. അക്കാദമിക് മേഖലയിൽ മികച്ച കരിയർ ലക്ഷ്യമിട്ട വിപിൻ, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പുലർച്ചെ മൂന്നുമുതൽ പാങ്ങോട് മീൻചന്തയിൽ കണക്കെഴുതുകയാണ്.
തോറ്റുകൊടുക്കാൻ തയ്യാറല്ലാത്തതിനാൽ കുമാരപുരം ഗവ. ബിഎഡ് കോളേജിൽ ഗസ്റ്റ് അധ്യാപകനുമാണ്. കെ ടെറ്റും പാസായി. ആറുമാസമായി താൽക്കാലിക വിസി മോഹനൻ കുന്നുമ്മൽ അട്ടിമറിച്ച സിൻഡിക്കറ്റ് യോഗം പുനഃസംഘടനയ്‌ക്കുശേഷം ചൊവ്വാഴ്‌ച ചേരുന്പോൾ നീതി പുലരുമോയെന്ന ചോദ്യമാണുള്ളത്.
സിൻഡിക്കറ്റ് യോഗമാണ് ഡോക്ടറേറ്റ് അനുവദിച്ച് അംഗീകാരം നൽകേണ്ടത്. വിപിന്റെ പരാതിയിൽ റിസർച്ച് ഡയറക്ടറും രജിസ്‌ട്രാറും അന്വേഷണം നടത്തി ഡോക്ടറേറ്റ് നൽകുന്നതിനെ അനുകൂലിച്ചാണ് റിപ്പോർട്ട് നൽകിയത്.
‘സദ്‌ഗുരു സർവസ്വം എ സ്റ്റഡി’ വിഷയത്തിലെ ഗവേഷണപ്രബന്ധത്തിൽ 2025 ഒക്ടോബർ 15നാണ് കാര്യവട്ടം ക്യാമ്പസിൽ ഓപ്പൺ ഡിഫൻസ് നടന്നത്. പ്രബന്ധം പരിശോധിച്ച മൂന്ന് വിദഗ്‌ധരും ഗവേഷണബിരുദം നൽകാമെന്ന് ശുപാർശ ചെയ്‌ത റിപ്പോർട്ട് ഓപ്പൺ ഡിഫൻസ് ചെയർമാനായ അലഹബാദ് പ്രയാഗ്‌രാജ് സർവകലാശാല പ്രൊഫസർ ഡോ. അനിൽ പ്രതാപ് ഗിരി അവതരിപ്പിച്ചു.
ഡോക്ടർ എന്ന് പേരിനൊപ്പം ചേർക്കുകയെന്നത് വലിയ ആഗ്രഹമാണെന്ന് വിപിൻ സംസ്‌കൃത വിഭാഗം മേധാവിയും ഡീനുമായ ഡോ. സി എൻ വിജയകുമാരിയോട് പറഞ്ഞു. ‘നീ പുലയനല്ലേ, ആ വാലുതന്നെ ധാരാളം’ എന്നായിരുന്നു മറുപടി. വിപിന് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന നുണ പ്രചരിപ്പിച്ചു.
ഗവേഷണബിരുദം നൽകരുതെന്ന് നിയമവിരുദ്ധമായി സർവകലാശാലയോട് ആവശ്യപ്പെട്ടു. വിപിന് എംഫിൽ ലഭിച്ചത് ഇതേ വിജയകുമാരി ഗൈഡായിരിക്കെയാണ്. അക്ഷരമറിയാത്ത ആൾക്ക് എങ്ങനെ എംഫിൽ കിട്ടിയെന്ന് ഡോ. വിജയകുമാരിയും മറുപടി പറയണം. എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന വിപിനെ എസ്‌എഫ്‌ഐ നേതാവാക്കി മുഖ്യധാരാ മാധ്യമങ്ങൾ ‘അനധികൃത’ നേട്ടത്തിന് ശ്രമിക്കുന്ന മോശക്കാരനാക്കി.
എംഫിൽകാലത്ത് വിജയകുമാരിയിൽനിന്നുണ്ടായ ജാതി അധിക്ഷേപങ്ങളെ പഠനം പൂർത്തിയാക്കേണ്ടതിനാൽ ക്ഷമിക്കുകയായിരുന്നു വിപിൻ. ഒരു വിദ്യാർഥി ഡോക്ടറേറ്റ് നേടി തനിക്കൊപ്പം വിദ്യാഭ്യാസയോഗ്യത സ്വന്തമാക്കുന്നത് അംഗീകരിക്കാനാകാത്തതാണ് പെരുംനുണ പറയാൻ അധ്യാപികയെ പ്രേരിപ്പിച്ചതെന്ന് വിപിൻ പറയുന്നു.











0 comments