ad
Deshabhimani

print edition മുതലപ്പൊഴി: നിർമാണം ഇഴയുന്നു; മത്സ്യത്തൊഴിലാളികൾക്ക് അമർഷം

Muthalappozhi.jpg

മുതലപ്പൊഴി തുറമുഖം

വെബ് ഡെസ്ക്

Published on Jul 07, 2026, 12:00 AM | 1 min read

ചിറയിൻകീഴ്: മുതലപ്പൊഴി തുറമുഖത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നതിൽമത്സ്യത്തൊഴിലാളികൾക്കിടയിൽ കടുത്ത അമർഷം. അഴിമുഖത്ത് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത്‌ ആരംഭിച്ച പദ്ധതിയാണ് എങ്ങുമെത്താതെ നീങ്ങുന്നത്.


അഴിമുഖകവാടം സുരക്ഷിതമാക്കുന്നതിനായി തെക്കുഭാഗത്തെ പുലിമുട്ടിന്റെ നീളം കൂട്ടുന്ന ജോലികളാണ് നടന്നുവന്നിരുന്നത്. നിലവിൽ പ്രവൃത്തികൾ നിലച്ച നിലയിലാണ്. 18 മാസത്തിനുള്ളിൽ 420 മീറ്റർ പുലിമുട്ടുനിർമാണം പൂർത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. എന്നാൽ, 200 മീറ്ററിൽ താഴെയാണ്‌ പൂർത്തിയാക്കിയത്.


കേന്ദ്രസർക്കാരിന്റെ ഗ്രീൻ ആൻഡ് ബ്ലൂ പോർട്ട് ഘടകങ്ങൾകൂടി ഉൾപ്പെടുത്തി 177 കോടിയാണ് അനുവദിച്ചത്. പുലിമുട്ടുനിർമാണമൊഴികെ മറ്റു പ്രവൃത്തികൾക്കുള്ള കരാർപോലും പൂർത്തിയായിട്ടില്ല. മണൽ നീക്കുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രഡ്ജർ സാങ്കേതികപ്പിഴവുമൂലം പ്രവർത്തനം നിലച്ചതോടെ മാസങ്ങളായി മണ്ണുനീക്കം സ്തംഭനാവസ്ഥയിലാണ്.


അദാനി പോർട്ടിന്റെ ഡ്രഡ്ജർ എത്തിച്ച്‌ അഴിമുഖത്ത്‌ അടിഞ്ഞുകൂടുന്ന മണൽ നീക്കംചെയ്യണമെന്ന ആവശ്യവും നടന്നില്ല. ഫിഷറീസ് മന്ത്രി ഉൾപ്പെടെ മുതലപ്പൊഴി സന്ദർശിച്ചെങ്കിലും വാഗ്ദാനങ്ങളല്ലാതെ തുടർപ്രവൃത്തികളൊന്നും ആരംഭിച്ചില്ല.


ആദ്യഘട്ടത്തിൽ തുറമുഖനിർമാണത്തിൽ ഉണ്ടായിട്ടുള്ള പിഴവാണ് വൻതോതിൽ മണൽ പൊഴിമുഖത്ത്‌ അടിയുന്നതിന് വഴിയൊരുക്കിയത്. സ്ഥിരം ഡ്രഡ്ജർ സംവിധാനമൊരുക്കി മണൽ നീക്കംചെയ്യണമെന്ന ആവശ്യം തൊഴിലാളികൾ മുന്നോട്ടുവച്ചിരുന്നു.


അപകടങ്ങൾ വർധിച്ചതോടെ പുറംകടലിൽ മീൻപിടിക്കാൻ പോകുന്ന ഇരുനൂറിലേറെ വലിയ വള്ളങ്ങൾ മുതലപ്പൊഴി ഒഴിവാക്കി കൊല്ലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിയാണ് മീൻപിടിത്തത്തിൽ ഏർപ്പെടുന്നത്. നിർമാണപ്രവർത്തനങ്ങളുടെ കാലതാമസത്തിൽ ന്യൂനപക്ഷ കമീഷനും അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home