തളർന്നിട്ടും തളരാത്ത സനോജിന് വേണം ‘സ്വപ്‌നവീട്’

ടി കെ നാരായണൻ
Published on Mar 19, 2026, 03:00 AM | 1 min read
കാഞ്ഞങ്ങാട് തളർച്ചയെയും തളർത്തിയാണ് എണ്ണപ്പാറ പേരിയയിലെ പി സനോജിന്റെ ഏഴുവർഷമായുള്ള ഇൗ കിടപ്പ്. അരയ്‌ക്കുതാഴെ തളർന്ന് കിടപ്പിലായെങ്കിലും ആത്മവിശ്വാസത്തിന്റെ കരുത്തിൽ വേദനയ്‌ക്കിടയിലും പാഴ്‌വസ്‌തുക്കൾകൊണ്ട് വിവിധ രൂപങ്ങൾ നിർമിക്കുകയാണ് ഇൗ യുവാവ്. മലയടിവാരത്തിൽ മറ്റു കുടുംബങ്ങളൊന്നും അടുത്തില്ലാത്ത കൊച്ചുവീട്ടിലാണ് മുപ്പത്തിയൊന്പതുകാരനായ യുവാവിന്റെ കിടപ്പ്. പരേതനായ മാധവന്റെയും അമ്മിണിയുടെയും മൂന്നുമക്കളിൽ എക ആൺതരിയാണ്. രണ്ട് സഹോദരിമാരുടെയും വിവാഹത്തിനുശേഷമായിരുന്നു പാണത്തൂർ ചെത്തുകയയിലെ സന്ധ്യയുമായുള്ള വിവാഹം. 2019ൽ ജോലിക്കിടയിൽ കെട്ടിടത്തിൽനിന്ന് വീണ് അപകടമുണ്ടായതോടെ ശരീരത്തിന്റെ പകുതിയും തളർന്നു. ഉള്ള സന്പാദ്യത്താലും നാട്ടുകാരുടെ കരുതലിലും വൻതുക ചിലവിട്ട് വിദഗ്‌ദചികിത്സ ലഭ്യമാക്കിയെങ്കിലും അരക്കുതാഴെ തളർന്നതോടെ കിടപ്പിലായി. കുടുംബസ്വത്തായ 40 സെന്റ് സ്ഥലവും കുഞ്ഞുവീടുമാണിപ്പോഴുള്ളത്. ഇത് നാല് ഓഹരി വെക്കണം. കിടപ്പിലായതോടെ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥ . ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ മാത്രമാണ് വരുമാനം. റിട്ട. അധ്യാപകൻ കുഞ്ഞിക്കണ്ണൻ കിടപ്പുമുറിയോട് ചേർന്ന് ശുചിമുറി നിർമിച്ചുനൽകിയത് ആശ്വാസമായി. നിലവിളിച്ചാൽപോലും കേൾക്കാനോ ഓടിയെത്താനോത്താനോ ആരുമില്ലാത്ത സ്ഥലത്താണ് താമസം. വീൽചെയറിൽ ചുറ്റി സഞ്ചരിച്ച് നാട്ടുകാരെയും കൂട്ടുകാരെയും കണ്ട് സംസാരിക്കാൻ അതിയായ ആഗ്രഹമുണ്ട്. കിടക്കപ്പായിൽ പരസഹായത്താൽ ഇരിക്കാനാകുന്നുണ്ട്. ഇതിനിടിയിൽ സ്വപ്‌നവീട് പാഴ്‌വസ്‌തുക്കളാൽ തീർത്തിട്ടുണ്ട്. ഭാര്യ സന്ധ്യ തയ്യൽപരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. സ്വന്തമായി വരുമാനമുണ്ടാക്കാൻ ഒരു തയ്യൽ മെഷീൻ കിട്ടിയാൽ നന്നായിരുന്നുവെന്നാണ് സന്ധ്യ പറയുന്നത്. തങ്ങളുടെ പ്രയാസമറിയുന്നവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഫോൺ: 8078146811









0 comments