അതിവേഗം പ്രവൃത്തി മുനന്പം വന്പനൊരു പാലമാണ്

നാരായണൻ കരിച്ചേരി
Published on Feb 01, 2026, 03:00 AM | 1 min read
ചട്ടഞ്ചാൽ ചന്ദ്രഗിരി പുഴയിൽ ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പണിയുന്ന മുനന്പം വന്പനൊരു പാലമാണ്. അതിവേഗത്തിലാണ് പാലം പണി പുരോഗമിക്കുന്നത്. പാലത്തിന്റെ തൂണുകൾ ഇതിനകം നിർമാണം പൂർത്തിയായി. ഒരു ഭാഗത്ത് പാലം കോൺക്രീറ്റ് തുടങ്ങി. അനേകം ഗ്രാമങ്ങളിലെ ജനത കാത്തുകാത്തിരുന്നതാണ് ഇൗ പാലം. 17.70 കോടി രൂപ ചെലവിൽ പണിയുന്ന പാലം സ്വപ്‌നതുല്യമായ വികസനമാണ് ഇൗ ഗ്രാമങ്ങളിലേക്ക് എത്തിക്കുക. ഉദുമ മണ്ഡലത്തിൽ അഞ്ചു വർഷത്തിനിടെ എൽഡിഎഫ് സർക്കാർ എത്തിച്ചത് 1510 കോടി രൂപയുടെ പദ്ധതികളാണ്. അതിലൊന്നാണ് മുനമ്പം പാലം. പ്രവൃത്തി ഉദ്‌ഘാടനം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ പാലത്തിന്റെ പകുതിയോളം പണിപൂർത്തിയായി. സി എച്ച് കുഞ്ഞന്പു എംഎൽഎയുടെ നേതൃത്വത്തിലുള്ള ഇടപെടലും നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുമാണ് പാലത്തിനായി പരിശ്രമിച്ചത്. മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് പാലം. എരിഞ്ഞിപ്പുഴ, കരിച്ചേരി പാലം വഴിയാണ് നിലവില്‍ മലയോര ജനതയുടെ യാത്ര. കാസര്‍കോട് നിന്ന് ദേശീയപാത വഴി കുണ്ടംകുഴിയിലേക്ക് 28 കിലോമീറ്ററിലധികം യാത്ര ചെയ്യണം. മുനമ്പം പാലം പൂർത്തിയാകുന്നതോടെ ദൂരം പകുതിയാവും. മുനമ്പം ഭാഗത്തുള്ളവർക്ക് രണ്ട് കിലോമീറ്റർ യാത്രയിലൂടെ ചട്ടഞ്ചാലിലെത്താം. നിലവിൽ 18 കിലോമീറ്റർ ചുറ്റിസഞ്ചരിക്കണം. കാസര്‍കോട് നിന്ന് മുന്നാട്, കുറ്റിക്കോല്‍, പാണത്തൂര്‍, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും എളുപ്പമാവും. പാലം പൂർത്തിയാകുന്നതോടെ മുനന്പത്തെ വിനോദസഞ്ചാര കേന്ദ്രമായും മാറ്റാനാകും. പ്രസിദ്ധമായ മഹാലക്ഷ്മിപുരം ക്ഷേത്രവും മുനമ്പം മുഹ്യുദ്ദീന്‍ ജുമാമസ്ജിദും പുഴയുടെ ഇരുകരയിലുമാണ്. ചട്ടഞ്ചാല്‍ ദേശീയപാതയില്‍നിന്ന് പുഴയോരം വരെ നിലവില്‍ നല്ല റോഡുണ്ട്. മറുഭാഗത്ത് തൂക്കുപാലത്തിന് അടുത്തേക്കും റോഡുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനും പ്രയാസമില്ല. നിലവിലെ തൂക്കുപാലം 2008 ൽ ജില്ലാ പഞ്ചായത്തിന്റെയും കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടേയും ഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്.










0 comments