ചെത്തിപ്പുഴത്തട്ട് ഉന്നതിയിലെ 19 കുടുംബങ്ങൾ ദുരിതത്തിൽ
തുള്ളിവെള്ളത്തിനായി നെട്ടോട്ടം

ചെത്തിപ്പുഴത്തട്ട് ഉന്നതിയിൽ സ്ഥാപിച്ച ഉപയോഗശൂന്യമായ കുടിവെള്ള ടാങ്ക്

സ്വന്തം ലേഖകൻ
Published on Apr 18, 2026, 02:30 AM | 1 min read
വെള്ളരിക്കുണ്ട്
കത്തുന്ന വെയിലിൽ കുടിവെള്ളത്തിന് വഴികാണാതെ ദുരിതം പേറുകയാണ് ചെത്തിപ്പുഴ തട്ട് ഉന്നതിയിലെ വീട്ടുകാർ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രസിഡന്റായും വൈസ് പ്രസിഡന്റായും ഭരണം നടത്തുന്ന കോൺഗ്രസ് നേതാവ് രാജു കട്ടക്കയത്തിന്റെ വീടന് സമീപത്താണ് ബളാൽ പഞ്ചായത്തിലെ ചെറിയ പുഞ്ചയിലെ ചെത്തിപ്പുഴ തട്ട് ഉന്നതി. ഇവിടെ 19 കുടുംബംങ്ങളിലായി 85 ഓളം ആളുകൾ ജീവിക്കുന്ന പ്രദേശമാണ് ദാഹജലത്തിന് ബുദ്ധിമുട്ടുന്നത്. ഇവർക്ക് കുടിവെള്ളം നൽകാൻ എന്ന പേരിൽ രണ്ട് തവണയായി ഒരേ പദ്ധതിയിൽ വൻതുക വകയിരുത്തിയിട്ടും ഇന്നും തുള്ളി വെള്ളം വീടുകളിൽ എത്തുന്നില്ല. വെന്തമലയിൽനിന്ന് ഒഴുകുന്ന ഒരു ചെറിയ കൊല്ലിയിൽനിന്ന് വെള്ളം ശേഖരിച്ചാണ് അഞ്ചു കുടുംബംങ്ങൾ തങ്ങളുടെ ആവശ്യം നിറവേറ്റിയിരുന്നത്. മറ്റുള്ളവർ ഒന്നര കിലോമീറ്റർ ദൂരെയുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നാണ് വെള്ളം കൊണ്ടുവന്നിരുന്നത്. ഇതിനിടെ ഉന്നതിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ എന്നപേരിൽ ഒരു കുഴൽകിണർ സ്ഥാപിച്ചു. ഹാൻഡ് പമ്പിങ് ഉള്ള ഇതിൽ ആദ്യഘട്ടത്തിൽ അഞ്ച് കുടുംബത്തിന് മാത്രമായിരുന്നു ഉപയോഗം. പിന്നീട് ആറ് വർഷം മുമ്പ് ഈ കുഴൽ കിണറിൽ മോട്ടോർ സ്ഥാപിച്ച് ടാങ്കും മോട്ടോർ പുരയുമെല്ലാം റെഡിയാക്കി ഒരു ചെറിയ കുടിവെള്ള വിതരണ പദ്ധതി തുടങ്ങി. അത് രണ്ട് വർഷം മുമ്പ് പാടെ നിലച്ചു. വീണ്ടും ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് അതേ കുഴൽകിണറിൽ പുതിയ മോട്ടോർവച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തി വെള്ളം വരുത്തിയതുപോലെയാക്കി തെരഞ്ഞെടുപ്പ് ദിവസം വെള്ളമെത്തിച്ചു. പിറ്റേന്ന് അതും നിലച്ചു. ഒരു വീട്ടിലേക്ക് തന്നെ ഒന്നിലധികം പൈപ്പ് സ്ഥാപിച്ച ഏക കുടിവെള്ള പദ്ധതിയാണ് ഇത്. ഇതുവരെ ഒരു തുള്ളി വെള്ളം കുടിക്കാൻ ഇവർക്ക് ഭാഗ്യം ഉണ്ടായില്ല.










0 comments