Deshabhimani

കാറഡുക്ക നാർളം ബോക്സൈറ്റ് ഖനനം

ലേലം പൂർത്തിയായി; പ്രതിഷേധവുമായി നാട്ടുകാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2026, 01:30 AM | 1 min read

മുള്ളേരിയ

സംസ്ഥാനത്ത് ആദ്യമായി സ്വകാര്യപങ്കാളിത്തത്തോടെയുള്ള ധാതുഖനനത്തിന്റെ നടപടികൾ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പൂർത്തിയാക്കിയതോടെ നാട്ടുകാർ പ്രതിഷേധത്തിലേക്ക്. കാസർകോട് കാറഡുക്ക പഞ്ചായത്തിലെ നാർളത്ത് വനഭൂമി ഉൾപ്പെടെയുള്ള 82.15 ഹെക്ടർ പ്രദേശത്തെ ബോക്സൈറ്റ് ബ്ലോക്ക് ഖനനത്തിനായുള്ള ഇ-ലേല നടപടികളാണ് കഴിഞ്ഞത്. 374 കോടി രൂപയ്ക്കാണ് ഖനനാനുമതി. കേന്ദ്ര മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാക്‌സൈറ്റ് ഉള്ളടക്കമുള്ള പ്രദേശമെന്ന് കണ്ടെത്തിയതിന് പിന്നാലെ അതീവ രഹസ്യമായി ലേല നടപടികൾ ആരംഭിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ടെൻഡർ വിളിച്ചെങ്കിലും ഇതിൽ ആരും പങ്കെടുത്തില്ല. രണ്ടാമത്തെ ടെൻഡർ ഒക്ടോബർ 16-നാണ് പൂർത്തിയായത്. നാല് കരാറുകാർ പങ്കെടുത്ത ലേലത്തിൽ സി കെ രാജേഷ് എന്നയാളാണ് കരാർ സ്വന്തമാക്കിയത്. നാർളത്തെ ഖനനം വിജയകരമായാൽ ബോക്സൈറ്റ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുള്ള ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും ഖനനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. എന്നാൽ ഖനനം മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പ്രതികരിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് തയ്യാറായിട്ടില്ല. വനം വകുപ്പ് അനുമതി, മറ്റു വിവിധ പഠനങ്ങൾ ഉൾപ്പെടെയുള്ള അനുമതികൾ ലഭിക്കാനുമുണ്ട്. ​ജനവാസമേഖലയും വനഭൂമിയും ഇടവിട്ടുള്ള പ്രദേശമാണ് കാറഡുക്ക സെക്ഷൻ വനമേഖല. ഇതിനകത്ത് ജാൽസൂർ-ചെർക്കള സംസ്ഥാന പാതയ്ക്ക് ചേർന്നുള്ള നാർളം പ്രദേശമാണ് പദ്ധതി പ്രദേശം. ഈ പ്രദേശത്തിന് ചുറ്റും നൂറു ശതമാനം ജനവാസ മേഖലയാണ്. വീടുകളോട് ചേർന്നുള്ള സ്ഥലങ്ങളാണ് വകുപ്പ് അധികൃതർ ഖനനം നടത്താൻ മാർക്ക് ചെയ്തിട്ടുള്ളത്. ഒരു കാരണവശാലം ഖനനം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ആദ്യ ലേല നടപടികൾ ആരംഭിച്ചപ്പോൾ തന്നെ കാസർകോട്ട്‌ കലക്‌ടറേറ്റ്‌ മാർച്ച്, കാടകത്ത് മനുഷ്യമതിൽ എന്നിവ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച് പ്രതിഷേധമുയർത്തിയിരുന്നു. ഖനനം സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവിശ്യപ്പെട്ടിട്ടുപോലും അധികൃതർ നൽകിയിരുന്നില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home