ഇന്നും നാളെയും മഞ്ഞ അലർട്ട്

പത്തനംതിട്ട
ജില്ലയിൽ ബുധനും വ്യാഴവും കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തുലാവർഷത്തിന് മുന്നോടിയായുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഉയർന്ന താപനിലയും ഇടയ്ക്കിടെ മഴയും ലഭിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. മലയോരമേഖലയിൽ ബുധൻ മുതൽ ഉച്ചക്കുശേഷവും രാത്രിയും ഇടിമിന്നലോടുകൂടിയ മഴയിൽ വർധനവുണ്ടായേക്കും. ഒക്‌ടോബർ മുതൽ ഡിസംബർ വരെ നീളുന്നതാണ് കേരളത്തിലെ തുലാവർഷം. ഒക്ടോബർ പകുതിക്കുമുമ്പ് കാലവർഷക്കാറ്റ് പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിക്കാനുള്ള സൂചന വിവിധ ഏജൻസികൾ നൽകുന്നുണ്ട്.
കാലവർഷം ദുർബലമായതോടെ ജില്ലയിൽ പകൽച്ചൂട് 35–-36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. നേരിട്ട് സൂര്യതാപം ഏൽക്കാൻ കഴിയാത്ത വിധം ശക്തമായ ചൂടാണ് അനുഭവപ്പെട്ടത്. എന്നാൽ ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്തു. ഇത് അന്തരീക്ഷ താപനിലയിൽ വലിയ മാറ്റം വരുത്തിയില്ലെന്നാണ് വിലയിരുത്തൽ.
കാലവർഷം അഞ്ച് ശതമാനം അധികം
ജൂൺ ഒന്നിന് തുടങ്ങി സെപ്‌തംബർ 30ന് അവസാനിച്ച കാലവർഷ കലണ്ടർ പ്രകാരം ജില്ലയിൽ അഞ്ചുശതമാനം അധികമഴയാണ് പെയ്തത്. ഇക്കാലയളവിൽ ലഭിക്കേണ്ടത് 1572.7 മില്ലീമീറ്റർ മഴയായിരുന്നുവെങ്കിൽ ലഭിച്ചത് 1654.5 മിമീ മഴയാണ്.










0 comments