ad
Deshabhimani

ഇന്ന്‌ ലോക സൈക്കിൾദിനം

ആ പുതുജീവിതത്തിന്‌ ‘ചവിട്ടു’പടിയായത്‌ ഡ്യൂയറ്റ്‌

Photo
avatar
ആർ രാജേഷ്‌

Published on Jun 03, 2026, 12:05 AM | 1 min read

പത്തനംതിട്ട

ഒന്പതുവർഷം മുന്പ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന്‌ ആ പരിശോധനാഫലം ലഭിക്കുന്പോൾ രാജനും കുടുംബവുമൊന്ന്‌ പതറി. രാജന്‌ വൻകുടലിൽ അർബുദം. കൃത്യമായ ചികിത്സയും ഡോക്‌ടർമാരുടെ മാർഗനിർദേശങ്ങളുമൊക്കെ മുറുകെപിടിച്ചായി അദ്ദേഹത്തിന്റെ ജീവിതം. അതിന്ന്‌ ആരോഗ്യ സന്പൂർണമായ ജീവിതത്തിലേക്കും എത്തി നിൽക്കുന്നു. അവിടേക്ക്‌ എങ്ങനെയെത്തിയെന്ന്‌ ചോദിച്ചാൽ പത്തനംതിട്ട മാക്കാംകുന്ന്‌ കോട്ടയ്‌ക്കൽ രാജൻ സാമുവൽ പറയും; സൈക്കിളിൽ.

ചികിത്സ മൂന്നുവർഷം പിന്നിട്ടപ്പോഴാണ്‌ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന്‌ ഡോക്‌ടറുടെ നിർദേശം. ജിമ്മിലും മറ്റും രാജനെ ഒറ്റയ്‌ക്കുവിടാൻ വീട്ടുകാർക്ക്‌ മടി. എന്താണ്‌ പോംവഴിയെന്ന്‌ തലപുകഞ്ഞപ്പോഴാണ്‌ സൈക്കിൾ ചിന്തയിലേക്ക്‌ കടന്നുവന്നത്‌. അതും ഒറ്റയ്‌ക്കല്ലേ കഴിയൂ. പെട്ടെന്നാണ്‌ ഐഡിയാ ഉദിച്ചത്‌. ഡ്യൂയറ്റ്‌ സൈക്കിൾ!. പിന്നൊന്നും ആലോചിച്ചില്ല. എ വൺ സൈക്കിളിന്റെ പുല്ലാട്ടെ ഡീലറെ കണ്ട്‌ 12,000 വിലവരുന്ന രണ്ടുപേർക്കിരുന്ന്‌ ചവിട്ടാൻ കഴിയുന്ന സൈക്കിൾ ബുക്കുചെയ്‌തു. ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ ഡ്യൂയറ്റെത്തി. രാജന്റെ പുതുജീവിതപാതയിലേക്കുള്ള സൈക്കിൾയാത്രയ്‌ക്ക്‌ ‘ചവിട്ടു’ പടിയായി ഭാര്യ സൂസനും ഒപ്പമിരുന്നു. പുലർച്ചെ അഞ്ചിന്‌ റിങ്‌റോഡ്‌ ചുറ്റിയുള്ള "ഡ്യൂയറ്റി'ലെ അവരുടെ ആരോഗ്യയാത്രയ്‌ക്ക്‌ അഞ്ചുവർഷം പൂർത്തിയാകുകയാണ്‌. റോഷനും മരിയയുമാണ്‌ മക്കൾ.

ജൂൺ മൂന്ന്‌ ലോക സൈക്കിൾദിനമായി ആചരിക്കുമ്പോൾ സൈക്കിൾ ഉപയോഗം ഒരു മികച്ച പരിഹാരമായി മാറുകയാണ്. പ്രത്യേകിച്ച്‌ ഇന്ധനവില വർധനയും പരിസ്ഥിതി മലിനീകരണവും ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഒരുമിച്ച്‌ മനുഷ്യജീവിതത്തെ വേട്ടയാടുന്പോൾ. വാഹനങ്ങളുടെ പുകമൂലം ഉയരുന്ന കാർബൺ പുറന്തള്ളൽ കുറയ്‌ക്കാൻ സൈക്കിൾ വലിയ പങ്കാണ്‌ വഹിക്കുന്നത്‌. ശുദ്ധവായുവും ആരോഗ്യകരമായ ജീവിതവും ഇതിലൂടെ ലഭിക്കുന്നു. ദിവസേന സൈക്കിൾ ചവിട്ടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കുകയും മാനസിക സമ്മർദ്ദം കുറയ്‌ക്കുമെന്നുമാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. സുരക്ഷിതമായ സൈക്കിൾപാതകൾ നിർമിച്ച്‌ കേരളത്തിൽ സൈക്കിൾ സംസ്‌കാരം വളർത്താൻ സർക്കാർ ഇടപെടൽ അത്യാവശ്യമാണെന്ന്‌ ഓൾ കേരള സൈക്കിൾ ഡീലേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home