സ്പെഷ്യൽ പാസ് ബുക്കിങ് ജൂലൈ ഒന്നുമുതൽ
ആറന്മുള വള്ളസദ്യ ബുക്കിങ് 420 കടന്നു

കോഴഞ്ചേരി
ആറന്മുള വള്ളസദ്യക്കുള്ള ബുക്കിങ് 420 കടന്നതായി പള്ളിയോട സേവാസംഘം അറിയിച്ചു. പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടത്തുന്ന വള്ളസദ്യ ഈ വർഷം 550 എണ്ണമാണ് ലക്ഷ്യമിടുന്നത്. 17 സദ്യാലയങ്ങൾ ഇതിനായി ക്ഷേത്രത്തിനകത്തും പുറത്തുമായി സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ പറഞ്ഞു.
ഈ വർഷം 51 പള്ളിയോടങ്ങൾ വള്ളസദ്യയിൽ പങ്കെടുക്കുന്നുണ്ട്. റാന്നി പള്ളിയോടം ഇത്തവണ വള്ളസദ്യയിൽ പങ്കെടുക്കില്ല. വള്ളസദ്യയുടെ സുഗമമായ നടത്തിപ്പിനായി 30 അംഗ ഫുഡ് കമ്മിറ്റി ബി കൃഷ്ണകുമാർ കൺവീനറായും ഭരത് വാഴുവേലിൽ ജോയിന്റ് കൺവീനറായും പ്രവർത്തനം തുടങ്ങി. കെഎസ്ആർടിസി ബജറ്റ് ടൂർ സദ്യ പാഞ്ചജന്യം ഓഡിറ്റോറിയത്തിലും സ്പെഷ്യൽ പാസ് സദ്യ തെക്കേടത്ത് ഇല്ലം ഓഡിറ്റോറിയത്തിലും നടക്കും. സ്പെഷ്യൽ പാസ് സദ്യ ബുക്കിങ് ജൂലൈ ഒന്നിന് ആരംഭിക്കും.
പള്ളിയോട സേവാസംഘം പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് കഥകൾ, ലേഖനങ്ങൾ, കവിതകൾ എന്നിവ ജൂലൈ 20നുമുമ്പ് പള്ളിയോട സേവാസംഘം ഓഫീസിൽ ലഭിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.










0 comments