വാനോളം ആറന്മുള

പരപ്പുഴ കടവിലെ സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് സത്രക്കടവിലെ ഫിനിഷിങ് പോയിന്റിലേക്ക് മത്സരത്തിനായി ആവേശത്തോടെ തുഴഞ്ഞു പോകുന്ന പള്ളിയോടങ്ങൾ
അനിൽ കുറിച്ചിമുട്ടം
Published on Aug 31, 2026, 12:05 AM | 1 min read
കോഴഞ്ചേരി
അമരച്ചാർത്തും മുത്തുക്കുടയും ദേവക്കൊടിയും ചൂടി പമ്പയുടെ ഓളപ്പരപ്പിലൂടെ പാടിതുഴഞ്ഞെത്തിയ പള്ളിയോടങ്ങൾ ഉത്രട്ടാതി ജലോത്സവത്തിന്റ ആവേശം വാനോളം ഉയർത്തി. ജലാശയത്തിന് മീതെ വർണ്ണച്ചിറക് വിരിച്ചു പറന്നുയരുന്ന ശലഭം കണക്കെ പാടിതുഴഞ്ഞെത്തിയ പള്ളിയോടങ്ങൾ പമ്പയുടെ ഇരുകരകളിലും നിന്ന കാണികളെ ആവേശത്തിലാക്കി. തെളിഞ്ഞ കാലാവസ്ഥയും നദിയിലെ ആവശ്യത്തിലധികമുള്ള ജലനിരപ്പും വള്ളംകളിയുടെ മനോഹാരിത വർധിപ്പിച്ചു. പള്ളിയോടങ്ങളുടെ ജലഘോഷയാത്രയ്ക്ക് ശേഷം കേരളീയ കലകൾ ഉൾപ്പെടുന്ന നിശ്ച ദൃശ്യങ്ങളുടെ പ്രദർശനവും നടന്ന ശേഷമാണ് മത്സര വള്ളംകളി ആരംഭിച്ചത്. 51 പള്ളിയോടങ്ങൾ മത്സര വള്ളംകളിയിൽ പങ്കെടുത്തു. എ ബാച്ചിൽപ്പെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപ്പെട്ട 16 പള്ളിയോടങ്ങളുമാണ് പങ്കെടുത്തത്. മത്സര വള്ളംകളിയിൽ ഓരോ പള്ളിയോടത്തിന്റെയും സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് ഫിനിഷിങ് പോയിന്റിൽ എത്തുന്ന സമയം ആധുനിക ഡിജിറ്റൽ സംവിധാനത്തിൽ കൂടി രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ സമയത്തിൽ എത്തിയ 4 പള്ളിയോടങ്ങളെയാണ് ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിച്ചത്. എ ബാച്ചിൽ ഒൻപത് ഹീറ്റ്സും ബി ബാച്ചിൽ നാല് ഹീറ്റ്‌സുമായിരുന്നു. ഫൈനൽ മത്സരങ്ങളിലെ ഇഞ്ചോട് ഇഞ്ചു പോരാട്ടം ഇരുകരകളിലും നിന്ന കാണികളെ ആവേശഭരിതരാക്കി. എ ബാച്ച് ഫൈനലിൽ മേലുകര പള്ളിയോടവും ബി ബാച്ച് ഫൈനലിൽ കോറ്റാത്തൂർ കൈതക്കോടി പള്ളിയോടവും ഒന്നാം സ്ഥാനം നേടി. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ വിജയികൾ മന്നം ട്രോഫി ഏറ്റുവാങ്ങിയത് കരകൾക്ക് ഉത്സവ ലഹരിപകർന്നു.










0 comments