ഓളപ്പരപ്പിൽ ആവേശം

കോഴഞ്ചേരി
പൊള്ളുന്ന വെയിലിലും കെടാത്ത ആവേശം പമ്പയുടെ ഇരുകരകളിലും അലതല്ലിയൊഴുകിയപ്പോൾ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായി ആയിരങ്ങൾ. ആറന്മുള ഉതൃട്ടാതി ജലമേളയിൽ എ ബാച്ച് ഫൈനലിൽ പ്രവീൺ കുമാർ ക്യാപ്റ്റനായ മേലുകര പള്ളിയോടവും ബി ബാച്ച് ഫൈനലിൽ കോറ്റാത്തൂർ കൈതക്കോടി പള്ളിയോടവും ഒന്നാം സ്ഥാനം നേടി. എ ബാച്ച് ഫൈനൽ മത്സരത്തിൽ രണ്ട്, മൂന്ന്,നാല് സ്ഥാനങ്ങൾ യഥാക്രമം കോയിപ്രം, ഇടശ്ശേരിമലകിഴക്ക്, മല്ലപ്പുഴശേരി എന്നീ പള്ളിയോടങ്ങളും നേടി. ബി ബാച്ചിൽ യഥാക്രമം വൻന്മഴി, തോട്ടപ്പുഴശ്ശേരി, മംഗലം എനി പള്ളിയോടങ്ങൾ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ഏറ്റവും നന്നായി പാടി തുഴഞ്ഞെത്തിയ പള്ളിയോടത്തിനുള്ള ആർ ശങ്കർ ട്രോഫി ചെന്നിത്തലപള്ളിയോടത്തിന് ലഭിച്ചു. ഞായർ പകൽ 2.10ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഉപരാഷ്ട്രപതി വേദി വിട്ടതിന് ശേഷം 3.15 ഓടെ ആരംഭിച്ച മത്സരവള്ളംകളി ജലവിഭവ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ അധ്യക്ഷനായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, സംസ്ഥാന മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, റോജി എം ജോൺ, ആന്റോ ആൻ്റണി എം പി, എംഎൽഎമാരായ അഡ്വ. അബിൻ വർക്കി, പഴകുളം മധു, സി വി ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പ്രൊഫ. പി ജെ കുര്യൻ, മുൻ എംഎൽഎമാരായ രാജു എബ്രഹാം, മാലേത്ത് സരളദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സവിത അജയകുമാർ, സ്റ്റെല്ല തോമസ്,
ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ അജിത് കുമാർ, എസ്‌എൻഡിപി കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് കുമാർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ നായർ, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, മലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാലാ, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ, പഞ്ചായത്ത് അംഗം ഉഷ ആർ നായർ, പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ സംസാരിച്ചു.










0 comments