ad
Deshabhimani

വിവിഐപി സുരക്ഷ ഒരുക്കൽ

വള്ളംകളിപ്രേമികളുടെ ഒഴുക്ക്‌ തടഞ്ഞു

Photo
വെബ് ഡെസ്ക്

Published on Aug 31, 2026, 12:05 AM | 1 min read

കോഴഞ്ചേരി

​ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ ഉപരാഷ്‌ട്രപതി മുഖ്യാതിഥിയായതോടെ ഏർപ്പെടുത്തിയ അതീവ സുരക്ഷ ജനങ്ങൾക്കും വള്ളംകളി പ്രേമികൾക്കും തിരിച്ചടിയായി. വള്ളംകളിക്ക് തലേന്നുതന്നെ ആരംഭിച്ച സുരക്ഷാക്രമീകരണങ്ങൾ യാത്രാദുരിതമാണ്‌ സമ്മാനിച്ചത്‌. പ്രധാന പാതകളായ തിരുവല്ല– കുന്പഴ റോഡ്‌, ചെങ്ങന്നൂർ– തെക്കേമല റോഡ്‌ തുടങ്ങി മുഴുവൻ പാതകളിലും യാത്രാതടസം രൂക്ഷമായിരുന്നു. സുരക്ഷാ ട്രയലിന്റെ ഭാഗമായി ശനി ഉച്ചമുതൽ ആറന്മുള സത്രക്കടവ് വഴിയുള്ള ഗതാഗതം നിരോധിച്ച് മറ്റ് റോഡുകൾ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്. തിരുവല്ല– കുന്പഴ റോഡിൽ മണിക്കൂറുകൾ ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായിരുന്നു.

ഞായർ രാവിലെ ഒന്പതുമുതൽ കിടങ്ങന്നൂർ, കോഴിപ്പാലം, തെക്കേമല എന്നിവിടങ്ങളിൽനിന്നും ആറന്മുളയിലേക്ക്‌ വാഹന ഗതാഗതം നിരോധിച്ചിരുന്നു. വള്ളംകളിയുടെ ഫിനിഷിങ്‌ പോയിന്റായ സത്രക്കടവും പരിസരവും കേന്ദ്രസേനയുടെ ഉൾപ്പെടെ നിയന്ത്രണത്തിലുമായതോടെ ജനപങ്കാളിത്തത്തെ അത്‌ സാരമായാണ്‌ ബാധിച്ചത്‌. പള്ളിയോട സേവാസംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വിഐപി ഗാലറിയിൽ പ്രവേശനം അനുവദിച്ചില്ല. മന്ത്രിമാരും വിശിഷ്‌ടവ്യക്തികളും അക്രഡിറ്റേഷനുള്ള ചുരുക്കം മാധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമായിരുന്നു പവലിയനിൽ. രാഷ്‌ട്രപതി മടങ്ങിയതിനുശേഷം മാത്രമാണ് മറ്റുഉള്ളവർക്ക് പവലിയനിൽ പ്രവേശിക്കാനായത്.

​ ഗതാഗത നിരോധനമുള്ളതിനാൽ വള്ളംകളിക്ക് എത്തുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. കിടങ്ങന്നൂർ, മാലക്കര, കോഴഞ്ചേരി, തെക്കേമല എന്നിവിടങ്ങളിൽനിന്നും ആറന്മുള ക്ഷേത്രപരിസരത്തേക്കും സത്രക്കടവിലേക്കും എത്തുന്നതിന് നാലു ബസ് സർവീസാണ് ഏർപ്പെടുത്തിയിരുന്നത്. എന്നിട്ടും കൂടുതൽ പേർക്ക്‌ എത്തിപ്പെടാനായില്ല.

ആറന്മുള എൻജിനിയറിങ് കോളേജിൽ നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഗതാഗത നിരോധനം ബാധിച്ചു. രാവിലെ ഏഴുമുതൽ കോളേജിൽ പ്രവേശിച്ച വിദ്യാർഥികൾപരീക്ഷ കഴിഞ്ഞ് മടങ്ങിയത്‌ ‘നാടുചുറ്റി’യാണ്‌. പത്തനംതിട്ട ഭാഗത്തേക്ക് കോഴഞ്ചേരി വഴി യാത്ര ചെയ്യേണ്ടവർ കിടങ്ങന്നൂർ, വല്ലന, കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവുപാലം വഴി കോഴഞ്ചേരി എത്തിയാണ്‌ പോയത്‌. ചിലർ കിടങ്ങന്നൂരെത്തി ഇലന്തൂർ വഴിയും ഇലവുംതിട്ട വഴിയും പത്തനംതിട്ടയ്‌ക്ക്‌ പോയി. ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയാണ്‌ പോയത്‌. ആറന്മുള ഐക്കര ജങ്‌ഷനിലേക്കും അവിടം മുതൽ തെക്കേമല ജങ്‌ഷൻ വരെയും ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. പന്തളം ഭാഗത്തേക്ക്‌ മാത്രമായിരുന്നു നിയന്ത്രണമില്ലാതിരുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home