കനത്ത മഴയിൽ ആവണിപ്പാറ ഉന്നതി ഒറ്റപ്പെട്ടു

കോന്നി
കനത്ത മഴയെത്തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കോന്നി അരുവാപ്പുലം പഞ്ചായത്തിലെ അച്ചൻകോവിൽ, ആവണിപ്പാറ ഗിരിജൻ ഉന്നതി പൂർണ്ണമായും ഒറ്റപ്പെട്ടു. ബാഹ്യലോകവുമായി ബന്ധപ്പെടാൻ കോളനിവാസികൾ ഉപയോഗിച്ചിരുന്ന തടിവള്ളത്തിന്റെ വടം പൊട്ടി വെള്ളത്തിൽ താഴാൻ തുടങ്ങിയത് വലിയ ആശങ്കയ്ക്ക് കാരണമായി. കോളനിയുടെ ഏകെ ആശ്രയമായ വള്ളം നഷ്ടപ്പെടുമെന്ന ഭയത്താൽ ജീവൻ പോലും പണയപ്പെടുത്തിയാണ് നിവാസികൾ വള്ളം കരയ്ക്ക് എത്തിച്ചത്. അച്ചൻകോവിലാർ മറികടക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ, നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും ഇവർ ഈ വള്ളത്തെയാണ് ആശ്രയിക്കുന്നത്. അടിയന്തരമായി ആശുപത്രികളിൽ പോകണമെങ്കിൽ പോലും വള്ളത്തിൽ മറുകരയിലെത്തി, അവിടെ നിന്ന് ജീപ്പ് വിളിച്ച് വനത്തിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ പുനലൂരോ കോന്നിയിലോ എത്തുന്നത്. വള്ളം കൂടി തകരാറിലാകുന്നതോടെ വരും ദിവസങ്ങളിൽ റേഷൻ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ പോലും എത്തിക്കാൻ കഴിയാത്തവിധം ഉന്നതി പൂർണമായും പട്ടിണിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.










0 comments