രാഷ്‌ട്രീയപ്രേരിത ഉത്തരവിറക്കി യുഡിഎഫ്
ഭരണം തുടങ്ങി; അധികാരത്തിന്റെ ‘ഇടനാഴിയിൽ’

രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്‌ടർ ഓഫീസിനുമുന്പിൽ നടന്ന പ്രതിഷേധയോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on May 09, 2026, 12:15 AM | 2 min read
പത്തനംതിട്ട
നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് അഞ്ചുദിവസമായിട്ടും ഒൗദ്യോഗികമായി അധികാരത്തിലേറാൻ കഴിഞ്ഞിട്ടില്ലെങ്കിലും യുഡിഎഫ് ഭരണം ‘ഇടനാഴിയിൽ’ തുടങ്ങി. സർക്കാർ ഉദ്യോഗസ്ഥരെയാണ് ആദ്യം ലക്ഷ്യമിട്ടിട്ടുള്ളത്. ആദ്യ പരീക്ഷണത്തിന് വിധേയരായവർ തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്‌ടർ ഓഫീസിലെ ജീവനക്കാരാണ്. മാനദണ്ഡവിരുദ്ധമായ ഉത്തരവിലൂടെ മൂന്നു പേരെയാണ് ഇവിടെനിന്നും സ്ഥലംമാറ്റിയത്. രാഷ്‌ട്രീയ പ്രേരിതമായി സ്ഥലംമാറ്റിയവരിൽ എൻജിഒ യൂണിയൻ തിരുവല്ല ഏരിയ പ്രസിഡന്റ് ദീപു ഗോപി ഉൾപ്പടെയുള്ളവരുണ്ട്. ഇവർക്ക് പകരം ഇഷ്‌ടക്കാരെ പെടുന്നനെ നിയമിക്കുകയും ചെയ്‌തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതിന് മുമ്പെ തന്നെ ഇതിനായുള്ള ഫയൽനീക്കം തുടങ്ങിയിരുന്നുവെന്നാണ് വിവരം. സ്ഥലംമാറ്റം നിലവിലുള്ള ഉത്തരവുകൾക്ക് വിരുദ്ധമായും ചട്ടങ്ങൾ ലംഘിച്ചുമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒരു വർഷം പോലും പൂർത്തീകരിക്കാത്ത ജീവനക്കാരെ അവരുടെ അപേക്ഷ പോലും വാങ്ങിയില്ല. ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കിയ വിദ്യാഭ്യാസവകുപ്പിൽ അതിനു വിരുദ്ധമായി ഇറക്കിയ സ്ഥലംമാറ്റം ഉത്തരവിനെതിരെ എൻജിഒ യൂണിയൻ അടക്കമുള്ള ജീവനക്കാരുടെ സംഘടനകൾ സമരമുഖത്തെത്തി.
ജില്ലാതല ഓഫീസുകളിലെ ചട്ടവിരുദ്ധ സ്ഥലംമാറ്റ നീക്കത്തിൽനിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്‌ട്രീയ സമ്മർദ്ദത്തിനു വിധേയമായി മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് യൂണിയൻ നേതൃത്വം നൽകും. 2017ലാണ് പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡം ഏർപ്പെടുത്തി സർക്കാർ ഉത്തരവായത്.
തുടർന്ന് മാനദണ്ഡപ്രകാരം ഓൺലൈൻ വഴിയാണ് സർവീസ് സ്ഥലംമാറ്റം. എന്നാൽ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയ ജീവനക്കാരെ പോലും നോക്കുകുത്തിയാക്കിയാണ് അഴിമതിക്ക് കളമൊരുക്കാനുള്ള നീക്കം.
നിയമത്തിന് വിധേയമായി പ്രവർത്തിക്കേണ്ട വകുപ്പുകളിലെ ജില്ലാ ചുമതലക്കാർ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം നടപടികൾക്കെതിരെ നിയമ നടപടികളും സ്വീകരിക്കുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ, സെക്രട്ടറി ആർ പ്രവീൺ എന്നിവർ അറിയിച്ചു.
വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസിനുമുന്നിൽ ജീവനക്കാരുടെ പ്രതിഷേധം
പത്തനംതിട്ട
തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്‌ടർ ഓഫീസിലെ രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റ ഉത്തരവിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി. ഡിഡിഇ ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ആർ പ്രവീൺ, വൈസ് പ്രസിഡന്റ് ജി അനീഷ്‌കുമാർ, സെക്രട്ടറിയറ്റംഗങ്ങളായ കെ രവിചന്ദ്രൻ, പി ജി ശ്രീരാജ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി എൽ ശിവദാസ്, കെ എം ഷാനവാസ് എന്നിവർ സംസാരിച്ചു.










0 comments