അസിസ്‌റ്റന്റ് എൻജിനീയർ നിയമനത്തെ എതിർത്ത് ചിറ്റാറിൽ യുഡിഎഫ് സമരനാടകം

ചിറ്റാർ
ചിറ്റാർ പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ യുഡിഎഫ് നേതൃത്വത്തിൽ ബുധനാഴ്‌ച നടത്തിയ സമരം അവർക്കുതന്നെ തിരിച്ചടിയായി. പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറെ നിയമിക്കാനെടുത്ത തീരുമാനത്തെ എതിർത്ത് പഞ്ചായത്തിനെതിരെ സമരം നടത്തിയതാണ് യുഡിഎഫിന് തിരിച്ചടിയായത്. ചിറ്റാർ പഞ്ചായത്തിൽ നിലവിൽ അസിസ്റ്റന്റ് എൻജിനീയറില്ല. പഞ്ചായത്തിൽ എൻജിനീയറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി സർക്കാരിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ആയിട്ടില്ല.
ഈ വിഷയം ചർച്ച ചെയ്യാൻ ജൂലൈ രണ്ടിന് അഞ്ചാംനമ്പർ അജൻഡയായി ജനറൽ കമ്മിറ്റി ചേർന്നു.
അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് സർക്കാർ ആരേയും നിയമിക്കാത്ത സാഹചര്യത്തിൽ ചട്ടവും നിയമവും പാലിച്ച് താൽക്കാലിക എൻജിനീയറെ നിയമിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി നിയമപ്രകാരം പരസ്യം നൽകി ഇൻറർവ്യൂ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ അന്നുചേർന്ന യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ ഈ തീരുമാനത്തെ എതിർത്തു.
2026–27 വാർഷിക പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാനും മുടങ്ങിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനും എൻജിനീയറുടെ സേവനം അനിവാര്യമായിരിക്കുന്നതിനാലാണ് ഭരണസമിതി എൻജിനീയറെ നിയമിക്കാൻ തീരുമാനിച്ചത്. അതേസമയം യുഡിഎഫ് നേതാക്കൾ ഭരണസ്വാധീനമുപയോഗിച്ച് ചിറ്റാറിൽ സ്ഥിരമായി എൻജിനീയറെ നിയമിയ്ക്കെരുതെന്ന നിലപാട് എടുത്തിരിയ്ക്കുകയാണ്. ഇതിനായി സർക്കാർ തലത്തിൽ ശക്തമായ സമ്മർദമാണ് ഇവർ നടത്തുന്നത്.
അസിസ്റ്റന്റ് എൻജിനീയർ നിയമനം തടഞ്ഞ് പഞ്ചായത്തിന്റെ പദ്ധതികൾ അട്ടിമറിച്ച് ഭരണസമിതിക്കെതിരെ ജന വികാരം ഉയർത്തിവിടാൻ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചന പ്രകാരമാണ് താല്ക്കാലിക എൻജിനീയർ നിയമനനടപടിയെ യുഡിഎഫ് ജനപ്രതിനിധികൾ എതിർത്തത്.
ഇതിനെ മറികടന്ന് എൻജിനീയറെ നിയമിക്കാൻ എൽഡിഎഫ് ഭരണസമിതി തീരുമാനമെടുത്തതാണ് യുഡിഎഫുകാരെ ചൊടിപ്പിച്ചത്. കോൺഗ്രസിന്റെ ഇരട്ടത്താപ്പും വികസന പ്രവർത്തനത്തെ തകർക്കുന്ന സമീപനവും ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടുമെന്നും ഇത്തരം സമര നാടകത്തിനെതിരെ പ്രതിഷേധമുയർത്തുമെന്നും സിപിഐ എം ചിറ്റാർ ലോക്കൽ സെക്രട്ടറി അഷറഫ് ആനപ്പാറ പറഞ്ഞു.










0 comments