Deshabhimani

പ്രതിഷേധവുമായി എൻജിഒ യൂണിയൻ

ഓഡിറ്റ്, പൊതുമരാമത്ത് വകുപ്പുകളിൽ കൂട്ടസ്ഥലംമാറ്റം

Photo

ജില്ലാ ഓഡിറ്റ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 23, 2026, 12:05 AM | 1 min read

പത്തനംതിട്ട

സംസ്ഥാന ഓഡിറ്റ്, പൊതുമരാമത്ത് വകുപ്പിൽ കൂട്ടസ്ഥലംമാറ്റം. മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുമരാമത്ത് വകുപ്പിലെ 694 ജീവനക്കാരെയാണ്‌ സ്ഥലംമാറ്റിയത്‌. മൂന്ന് ഉത്തരവുകളിലായി 253 ഓഫീസ് അറ്റൻഡർമാർ, 126 ടൈപ്പിസ്‌റ്റുകൾ, 315 തേർഡ് ഗ്രേഡ് വിഭാഗം ജീവനക്കാർ എന്നിവരെ മാറ്റിയിട്ടുണ്ട്‌. സ്വന്തം ജില്ലകളിൽനിന്നും നിലവിലെ ജോലിസ്ഥലത്തുനിന്നും ഏറെ അകലെയുള്ള ഓഫീസുകളിലേക്കാണ് പലരെയും മാറ്റിയത്.

ഓഡിറ്റ്‌ വകുപ്പിന്റെ ഔദ്യോഗികരേഖകൾ പ്രകാരം 2026ൽ വിവിധ തസ്‌തികകളിൽ പ്രമോഷനും സ്ഥലംമാറ്റവും സംബന്ധിച്ച് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവും അമിത ജോലിഭാരവും നിലനിൽക്കുന്നതിനിടെ കുടുംബശ്രീ സിഡിഎസ് ഓഡിറ്റ് ഉൾപ്പെടെയുള്ള അധികചുമതല ഏൽപ്പിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതിനെതിരെ പ്രതികരിച്ച ജീവനക്കാരെയും ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയാണ്‌.

ഓഡിറ്റ്‌ വകുപ്പ്‌ ജീവനക്കാരുടെ സ്ഥലംമാറ്റത്തിലും പ്രമോഷൻ സ്ഥലംമാറ്റത്തിലും മാനദണ്ഡങ്ങൾ പാലിക്കാത്ത നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്‌ എൻജിഒ യൂണിയൻ, കെജിഒഎ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ഓഡിറ്റ് ഓഫീസിനുമുന്നിൽ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഒ ടി ദിപിൻദാസ് അധ്യക്ഷനായി. കെജിഒഎ ജില്ലാ പ്രസിഡന്റ്‌ സുമേഷ് സി വാസുദേവൻ, ജില്ലാ ട്രഷറര്‍ എൽ അഞ്‌ജു, സെക്രട്ടറിയറ്റംഗങ്ങളായ പി ജി ശ്രീരാജ്, അജി എസ് കുമാർ, എം വി സുമ, പി എൻ അജി എന്നിവർ സംസാരിച്ചു.

എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പിഡബ്ല്യൂഡി ബിൽഡിങ്‌സ്‌ ഡിവിഷൻ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്‌സ്‌ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ട്രഷറര്‍ എൽ അഞ്‌ജു, സെക്രട്ടറിയറ്റംഗങ്ങളായ എസ് ശ്രീകുമാർ, ജെ സുജ, ടൗൺ ഏരിയ സെക്രട്ടറി ചിനു എസ് നായർ എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home