എഫ്‌എസ്‌ഇടിഒ കലക്‌ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരന്പി
ജീവനെടുക്കുന്ന അന്യായ സ്ഥലംമാറ്റം അവസാനിപ്പിക്കണം

അന്യായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട
സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി അന്യായമായി സ്ഥലംമാറ്റുന്ന നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ കലക്‌ടറേറ്റ് മാർച്ച് ചെയ്‌തു. നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്ന മാർച്ച് കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് ദീപാ വിശ്വനാഥ് അധ്യക്ഷയായി. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ സി വി സുരേഷ്‌കുമാർ, ഹംസ കണ്ണാട്ടിൽ, എസ് ലക്ഷ്‌മീദേവി, ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ, സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്‌സ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഒ ടി ദിപിൻദാസ്, കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി ബിന്ദു, കെജിഒഎ ജില്ലാ സെക്രട്ടറി മോളമ്മ തോമസ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ദീപ ജയപ്രകാശ്, കെജിഎൻഎ ജില്ലാ സെക്രട്ടറി എ എസ് നിഷാദ്, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ്‌കുമാർ, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി സി പി രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
അന്യായമായി സ്ഥലംമാറ്റപ്പെട്ട കാസർകോട് ജില്ലയിലെ ആശാലത, കണ്ണൂർ ജില്ലയിലെ ആർ ദീപലേഖ, കോഴിക്കോട് ജില്ലയിലെ സിവിൽ പൊലീസ് ഓഫീസർ സുബിൻ ലാൽ എന്നിവർ അടുത്തിടെ മരണപ്പെട്ടിരുന്നു. ഭരണകക്ഷി യൂണിയനായ എൻജിഒ അസോസിയേഷൻ നേതാക്കളുടെ ഭീഷണിയും സമ്മർദവും മൂലം പരിയാരം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഡോക്‌ടർ കെ വി രാധാമണിക്ക് ഹൃദയാഘാതമുണ്ടായി ചികിത്സയിലാണ്.
വിദ്യാഭ്യാസവകുപ്പിൽ ജില്ലയിലുണ്ടായ സ്ഥലംമാറ്റങ്ങളിലും മാനുഷിക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളെപ്പോലും ഒഴിവാക്കിയില്ല. റേഡിയേഷൻ ചികിത്സയിൽ കഴിയുന്ന ജീവനക്കാരനെയും ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായി വിശ്രമത്തിലായിരുന്ന ക്ലാസ്–4 ജീവനക്കാരിയെയും സ്ഥലംമാറ്റിയത് ഇതിന് ഉദാഹരണമാണ്. ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യവും ജീവനും പോലും അപകടത്തിലാക്കുന്ന ഇത്തരം അന്യായ സ്ഥലംമാറ്റങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ചട്ടലംഘനങ്ങൾക്കും ജീവനക്കാരുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എഫ്‌എസ്‌ഇടിഒ ആവശ്യപ്പെട്ടു.










0 comments