Deshabhimani

എക്‌സൈസിലും കൂട്ടസ്ഥലംമാറ്റം

Photo
avatar
സ്വന്തം ലേഖകൻ

Published on May 23, 2026, 12:05 AM | 1 min read

പത്തനംതിട്ട

യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയതോടെ എക്‌സൈസ്‌ വകുപ്പിലും രാഷ്‌ട്രീയ പ്രേരിത സ്ഥലംമാറ്റം. ജില്ലയിൽ ഒന്പത്‌ വനിതകൾ ഉൾപ്പെടെ 65 ഉദ്യോഗസ്ഥരെയാണ്‌ അടിയന്തര സ്വഭാവത്തോടെ മാറ്റിയത്‌. സ്ഥലംമാറിവന്നിട്ട്‌ മൂന്നുമുതൽ ആറുമാസം വരെ മാത്രമായവരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഇതിലുണ്ട്‌. മാനദണ്ഡം പാലിക്കാതെ കോൺഗ്രസ്‌ വകുപ്പിലെ അനുകൂലികളുടെ ശുപാർശയിലാണ്‌ നടപടി. അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ (ഗ്രേഡ്‌)– 16, പ്രിവന്റീവ്‌ ഓഫീസർ– 20, സിവിൽ എക്‌സൈസ്‌ ഓഫീസർ– 20, വനിതാ സിവിൽ എക്‌സൈസ്‌ ഓഫീസർ– ഒന്പത്‌ എന്നിങ്ങനെയാണ്‌ മാറ്റിയത്‌. പട്ടികയിൽ അഞ്ചു ഡ്രൈവർമാരുമുണ്ട്‌. വ്യാഴാഴ്‌ചയാണ്‌ പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണറുടെ ഉത്തരവിറങ്ങിയത്‌. സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ പകരം അവിടെ ആളെ നിയമിച്ചതായി ഉത്തരവിലില്ല.

എക്‌സൈസ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ ജില്ലാ ഭാരവാഹികളെയും മാറ്റിയിട്ടുണ്ട്‌. ജില്ലാ സെക്രട്ടറി ഷാബു തോമസിനെ പത്തനംതിട്ട സർക്കിൾ ഓഫീസിൽനിന്ന്‌ റാന്നി റേഞ്ച്‌ ഓഫീസിലേക്കും പ്രസിഡന്റ്‌ എൻ പ്രവീണിനെ പത്തനംതിട്ട കെഎസ്‌ബിസിയിൽനിന്ന്‌ മല്ലപ്പള്ളി റേഞ്ച്‌ ഓഫീസിലേക്കും വൈസ്‌ പ്രസിഡന്റ്‌ ജൂലിയറ്റിനെ മല്ലപ്പള്ളി റേഞ്ചിൽനിന്ന്‌ പത്തനംതിട്ട സ്‌പെഷ്യൽ സ്‌ക്വാഡിലേക്കും ജോയിന്റ സെക്രട്ടറി ജി സുനിൽകുമാറിനെ റാന്നി റേഞ്ചിൽനിന്ന്‌ കോന്നിയിലേക്കും മാറ്റി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്‌ അജി, അയൂബ്‌ ഖാൻ, ജില്ലാ കമ്മിറ്റിയംഗം എ എസ്‌ ഗീതാലക്ഷ്‌മി, മുൻ ജില്ലാ പ്രസിഡന്റ്‌ പി പ്രദീപ്‌ എന്നിവരെ പത്തനംതിട്ടയിൽനിന്ന്‌ മല്ലപ്പള്ളിയിലേക്കാണ്‌ മാറ്റിയത്‌.

മന്ത്രിസഭ രൂപീകരണത്തിനു മുന്പേ വിവിധ വകുപ്പുകളിൽ രാഷ്‌ട്രീയ താൽപര്യം മുൻനിർത്തിയുള്ള സ്ഥലംമാറ്റ ഉത്തരവിന്‌ നീക്കങ്ങൾ തുടങ്ങിയിരുന്നു. വിദ്യാഭ്യാസ വകുപ്പ്‌, ട്രഷറി, ജിഎസ്‌ടി എന്നിവിടങ്ങളിലും അനധികൃത സ്ഥലംമാറ്റമുണ്ടായി.

​

Highlights: ഒന്പത്‌ വനിതാ ജീവനക്കാരെ ഉൾപ്പെടെ 65 പേരെ രാഷ്‌ട്രീയ പ്രേരിതമായി സ്ഥലംമാറ്റി




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home